നിലപാടിൽ മാറ്റമില്ല, മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ: മന്ത്രി വി ശിവൻകുട്ടി

പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാകാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നതിനാൽ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തി അച്ചടി പൂർത്തിയാക്കാൻ മന്ത്രി നിർദേശിക്കുകയായിരുന്നു

Update: 2022-06-19 14:27 GMT
Advertising

മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ ഉൾപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 2022 - 23 അധ്യയനവർഷം വിദ്യാർഥികൾക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിൽ അക്ഷരമാല ഉൾപെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. കെപിബിഎസിലാണ് അച്ചടി നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിക്കുകയും അത് വാർത്താക്കുറിപ്പായി അറിയിക്കുകയും ചെയ്തതാണ്. മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തയും വന്നതാണ്. ഇപ്പോൾ സാംസ്‌കാരിക നായകർ വീണ്ടും പ്രസ്താവന നൽകിയ സാഹചര്യത്തിലാണ് വിശദീകരണം. ഇപ്പോൾ ഈ പ്രസ്താവന എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ച് കഴിഞ്ഞെങ്കിലും പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാകാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നതിനാൽ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തി അച്ചടി പൂർത്തിയാക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദേശിക്കുകയായിരുന്നു. ഭരണ പരിഷ്‌കാര (ഔദ്യാഗിക ഭാഷ) വകുപ്പ് അംഗീകരിച്ച ഭാഷാ മാർഗനിർദ്ദേശക സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് നൽകുന്നത്. ആദ്യഭാഗം പാഠപുസ്തകങ്ങൾ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു.

Alphabet in Malayalam textbooks this year itself: Minister V Sivankutty

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News