ഇടതുമുന്നണിയുടെ കേന്ദ്രവിരുദ്ധ പ്രക്ഷോഭം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സൂചന
ബി.ജെ.പിയോടും കേന്ദസർക്കാറിനോടും ശക്തമായി, നേരിട്ട് ഏറ്റ് മുട്ടുന്നത് എല്‍.ഡി.എഫ് ആണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ടാണ് കേന്ദ്രവിരുദ്ധ പ്രക്ഷോഭം ഇടതുമുന്നണി കടുപ്പിക്കുന്നത് . ബി.ജെ.പിയോടും കേന്ദസർക്കാറിനോടും ശക്തമായി, നേരിട്ട് ഏറ്റ് മുട്ടുന്നത് എല്‍.ഡി.എഫ് ആണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. ഇതിലൂടെ സംസ്ഥാനത്ത് കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ഒരുപോലെ പ്രതിരോധത്തിലാക്കാമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി. അതിന് മുന്‍പ് മന്ത്രിസഭ ഒന്നടങ്കം രാജ്യതലസ്ഥാനത്ത് സമരത്തിനിറങ്ങുമ്പോള്‍ ലക്ഷ്യം രണ്ടാണ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രമാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതിനോടകം പറഞ്ഞിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രധാനപ്രചരണ വിഷയങ്ങളില്‍ ഒന്ന് ക്ഷേമപ്രവർത്തനങ്ങളായിരിക്കും.ഇത് കാര്യമായി നടക്കാത്തതിന് കാരണം കേന്ദ്രമാണെന്ന് സ്ഥാപിക്കുകയാണ് ഡല്‍ഹി സമരത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ ഒന്ന്.ഇതോടൊപ്പം സംസ്ഥാനത്ത് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ പ്രതിരോധത്തിലാക്കാമെന്ന തന്ത്രവും എല്‍.ഡി.എഫ് നീക്കത്തിന് പിന്നിലുണ്ട്. കേന്ദ്ര വിരുദ്ധ സമരത്തിന് കേരളത്തിനായി ഒപ്പം നില്‍ക്കുമോ എന്ന ചോദ്യമായിരിക്കും പ്രതിപക്ഷത്തിന് മുന്നില്‍ വരും ദിവസങ്ങളില്‍ എല്‍.ഡി.എഫ് വയ്ക്കുക.
ഇതിന് പുറമെ ഭുപതിവ് നിയമഭേദഗതിയില്‍ ഗവർണർ ഒപ്പിടാത്തതും എല്‍.ഡി.എഫ് ആയുധമാക്കുകയാണ്..ഇതിലൂടെ യു.ഡി.എഫിന് ഒപ്പം നില്‍ക്കുന്ന മലയോര കർഷകരുടെ കൂടി പിന്തുണ ലക്ഷ്യം വച്ചാണ് രാജ് ഭവന് മുന്നി്ല്‍ സമരം നടത്താനുള്ള തീരുമാനം.