അരിക്കൊമ്പൻ ദൗത്യം നാളെ; രാവിലെ നാല് മണിക്ക് ദൗത്യമാരംഭിക്കും
അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്ന് പൂർത്തിയായി
ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നാളെ രാവിലെ നാല് മണിക്ക് ആരംഭിക്കും. മയക്കുവെടിവെച്ച് ആനയെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലോ അഗസ്ത്യാർകൂട വനമേഖലയിലോ വിടാനാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്ന് പൂർത്തിയായി.
വനം വകുപ്പിന് പുറമേ മറ്റു വകുപ്പുകളെയും ഏകോപിപ്പിച്ചാണ് അരിക്കൊമ്പൻ ദൗത്യം ആരംഭിക്കുക. 301 കോളനിക്ക് സമീപമായിരിക്കും ദൗത്യം നടപ്പിലാക്കുക. മയക്കുവെടിവെച്ച് അരിക്കൊമ്പനെ കുംങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റണം. എന്നാൽ മഴ പെയ്താൽ ഇതിന് സാധിക്കാതെ വരും. കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്ക ഇപ്പോഴും തുടരുകയാണ്.
ഇതിന് മുൻപ് അഞ്ച് തവണ അരിക്കൊമ്പനെ മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇതുവരെ ഏഴ് വീടുകളും മൂന്ന് കടകളും റേഷൻകടയും ക്യഷിയും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു.