മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്
എംഎൽഎ ബസിൽ അതിക്രമിച്ചു കയറിയിട്ടില്ലെന്നും മോശം ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
Update: 2024-10-23 03:56 GMT
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎക്കും ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്. എംഎൽഎ ബസിൽ അതിക്രമിച്ചു കയറിയിട്ടില്ല, ഡ്രൈവർ യദു ഹൈഡ്രോളിക് ഡോർ തുറന്നുനൽകിയതിന് ശേഷമാണ് എംഎൽഎ ബസിനകത്ത് കയറിയതെന്നാണ് പൊലീസ് പറയുന്നത്. മേയറും എംഎൽഎയും മോശം ഭാഷ ഉപയോഗിച്ചതിന് സാക്ഷിമൊഴികളില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
എംഎൽഎ സച്ചിൻ ദേവിനെതിരായ രണ്ട് കുറ്റങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്നീ കുറ്റങ്ങളാണ് ഒഴിവാക്കിയത്. അസഭ്യം പറഞ്ഞതിന് മേയർക്കെതിരായ കുറ്റവും ഒഴിവാക്കിയിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള തെളിവുകളില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണപുരോഗതി റിപ്പോർട്ടിൽ പറയുന്നു.