'ആശ്വാസകിരണം' അവതാളത്തിൽ; ഭിന്നശേഷിക്കാരുടെ ധനസഹായം വൈകിപ്പിച്ച് സർക്കാർ
കഴിഞ്ഞ നാല് വർഷമായി പുതിയ ഗുണഭോക്താക്കളൊന്നും ആശ്വാസ കിരണം പദ്ധതിയില്‍ ഉള്‍പ്പട്ടിട്ടില്ല.
കൊച്ചി: ആശ്വാസകിരണം പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് ഏർപ്പെടുത്തിയ ധനസഹായം വൈകിപ്പിച്ച് സർക്കാർ. 23 മാസത്തെ തുകയാണ് സർക്കാർ നല്‍കാന്‍ ബാക്കിയുള്ളത്. പണം കിട്ടാതായതോടെ ആയിരക്കണക്കിന് പേർ പ്രതിസന്ധിയിലാണ്. നിർധനരായ ആയിരക്കണക്കിന് ഭിന്നശേഷിക്കാർക്ക് താങ്ങാകേണ്ട ആശ്വാസ കിരണം പദ്ധതി അവതാളത്തിലാണെന്ന് തെളിയിക്കുന്നതാണ് ഈ വിവരാവകാശ രേഖകള്‍. പ്രതിമാസം അറുന്നൂറ് രൂപ കിട്ടിയിരുന്ന 92,412 പേർക്ക് 23 മാസത്തെ പണം ലഭിക്കാനുണ്ട്. ഒരാള്‍ക്ക് മാത്രം സർക്കാർ നല്‍കാനുള്ള കുടിശ്ശിക 13,800 രൂപയാണ്.
127 കോടി 52 ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി അറുന്നൂറ് രൂപയുടെ കുടിശ്ശികയാണ് ആകെ സർക്കാർ വരുത്തിവെച്ചത്. നിരവധി ഗുണഭോക്താക്കളാണ് പണം കിട്ടാതായതോടെ ദുരിതത്തിലായത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് 2020 സെപ്തംബർ വരെയുള്ള പണം നല്‍കിയത് ഇക്കഴിഞ്ഞ മാർച്ചിലാണ്. ബാക്കി ജില്ലകളിലുള്ളവർക്ക് 2020 ആഗസ്റ്റ് വരെയുളള തുക കഴിഞ്ഞ ഡിസംബറിലും നൽകിയിരുന്നു.
കഴിഞ്ഞ നാല് വർഷമായി പുതിയ ഗുണഭോക്താക്കളൊന്നും ആശ്വാസ കിരണം പദ്ധതിയില്‍ ഉള്‍പെട്ടിട്ടില്ല. അതിനർഥം സഹായം കിട്ടേണ്ടവർ പുറത്തില്ല എന്നല്ല. സർക്കാർ പുതിയ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല എന്നാണ്. 2018 മാർച്ച് 31ന് ശേഷം ഒരു അപേക്ഷയും സർക്കാർ പരിഗണിച്ചിട്ടേയില്ല.