കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ കുറയ്ക്കാൻ നടപടികളുമായി അധികൃതർ
റണ്‍വേ കുറക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് അതോറിറ്റിയുടെ നടപടി
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ കുറയ്ക്കാൻ എയർപോർട്ട് അതോറിറ്റി നടപടി തുടങ്ങി. റണ്‍വേ സുരക്ഷാ മേഖല വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച് വിമാനത്താവള ഡയറക്ടര്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി കത്തയച്ചു.
വിമാനത്താവളത്തിലെ റണ്‍വേ കുറക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് അതോറിറ്റിയുടെ നടപടി. റണ്‍വേ കാര്‍പ്പറ്റിംഗിനൊപ്പം റണ്‍വേയുടെ നീളം കുറക്കുമെന്നും വിമാനത്താവള ഡയറക്ടര്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി അയച്ച കത്തില്‍ പറയുന്നു. റണ്‍വേയുടെ ഭാഗത്ത് തന്നെ റെസ നിര്‍മിക്കാനാണ് തീരുമാനം. ഇതോടെ 2860 മീറ്ററുള്ള റണ്‍വേ 2540 മീറ്ററായി കുറയും ഇതിനൊപ്പം റണ്‍വേ സെന്‍ട്രലൈസ്ഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന കാര്യവും കത്തില്‍ പറയുന്നുണ്ട്. വ്യോമയാന മന്ത്രാലയം നിയോഗിച്ച സമതിയുടെ ശിപാർശ പ്രകാരമാണ് നടപടി. റണ്‍വേയുടെ നീളം കുറക്കാനുള്ള നടപടികള്‍ ആരംഭിച്ചതോടെ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യവും അനിശ്ചിചത്വത്തിലായി.
നിലവിലുള്ള റണ്‍വേ നിലനിര്‍ത്തിയാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങുവാന്‍ സാധിക്കുകയുള്ളൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുന്നതും വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന വിമാനത്താവള ഉപദേശക സമിതി യോഗം റണ്‍ വേ കുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.