കേരള പൊലീസിന്റെ തലപ്പത്തേക്ക് ബി സന്ധ്യയെത്തുമോ? ചരിത്രം അരികെ
അടുത്ത മന്ത്രിസഭാ യോഗത്തിൽ സർക്കാർ സന്ധ്യയ്ക്ക് അനുകൂലമായ തീരുമാനമെടുത്താല്‍ അത് ചരിത്രമാകും
ആദ്യമായി ഒരു വനിത കേരള പൊലീസിന്റെ മേധാവിയാകുമോ? ആ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. അടുത്ത മന്ത്രിസഭാ യോഗത്തിൽ സർക്കാർ ബി സന്ധ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഒപ്പം നിന്നാൽ അത് ചരിത്രമാകും. ഡിജിപി പദവിയിലേക്ക് പരിഗണിക്കേണ്ട മൂന്നു പേരുടെ പട്ടികയാണ് ഇപ്പോള്‍ സര്‍ക്കാറിന്‍റെ മുമ്പിലുള്ളത്. യുപിഎസ്‌സി സമിതി കൈമാറിയ പട്ടികയില്‍ നിലവില്‍ ഫയർഫോഴ്‌സ് മേധാവിയായ സന്ധ്യയ്ക്ക പുറമേ, വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ എഡിജിപി അനിൽകാന്ത് എന്നിവര്‍ കൂടിയുണ്ട്. ഈ മാസം മുപ്പതിനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്നത്. അന്നേദിവസം തന്നെയാണ് മന്ത്രിസഭാ യോഗം.
സംസ്ഥാനത്ത് ഇതുവരെ ക്രമസമാധാന ചുമതലയുള്ള ഡിജിപി പദവിയിലേക്ക് ഒരു വനിതാ ഉദ്യോഗസ്ഥ എത്തിയിട്ടില്ല. ആർ ശ്രീലേഖ ഡിജിപി ആയിരുന്നെങ്കിലും അഗ്നിശമന സേനയുടെ മേധാവിയായിരുന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്ന വേളയിൽ സന്ധ്യയ്ക്ക് അനുകൂലമായി സർക്കാർ തീരുമാനമെടുത്താൽ അത്ഭുതപ്പെടാനില്ല. എന്നാൽ അനിൽകാന്തിനാണ് ഡിജിപി സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സുദേശ് കുമാറിന്, മകൾ പൊലീസുകാരനെ മർദിച്ചതും ക്യാമ്പ് ഫോളോവർമാരെ ദാസ്യപ്പണിയെടുപ്പിച്ചതും തിരിച്ചടിയാകും. പൊലീസ് സംഘടനകൾക്കും സുദേശ് പ്രിയങ്കരനല്ല.
സംസ്ഥാന സർക്കാർ കൈമാറിയ 12 പേരിൽ ഏറ്റവും സീനിയറായ അരുൺകുമാർ സിൻഹ, ടോമിൻ ജെ തച്ചങ്കരി എന്നിവർ പട്ടികയിലില്ല. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സിൻഹ കേരളത്തിലേക്ക് മടങ്ങുന്നില്ലെന്ന് അറിയിച്ചതിനാൽ ഒഴിവാക്കി. തച്ചങ്കരിയെ ചുരുക്കപ്പട്ടിക തയ്യാറാക്കിയ സമിതി ഒഴിവാക്കി. പിന്നീടാണ് മൂന്നുപേരുടെ പാനൽ തയ്യാറാക്കിയത്. കേരളത്തിൽനിന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും ലോക്നാഥ് ബെഹ്റയും സമിതിയിൽ അംഗമാണ്. യുപിഎസ്സി ചെയർമാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേന്ദ്ര പൊലീസ് സേനയുടെ ഡയറക്ടറുമാണ് മറ്റ് അംഗങ്ങൾ. യുപിഎസ്സി നൽകുന്ന പട്ടികയിൽനിന്ന് ആരെയും സർക്കാരിന് നിയമിക്കാം.
1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥ
1963ൽ പാലായിൽ ജനിച്ച ബി സന്ധ്യ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. തുടർന്ന് സുവോളജിയിൽ ഫസ്റ്റ്ക്ലാസ്സിൽ റാങ്കോടെ എം.എസ്സി ബിരുദം നേടി. ഓസ്ട്രേലിയയിലെ വുളോംഗ്ഗോംഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്സസ് മാനേജ്മെന്റിൽ പരിശീലനവും ബിർലാ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി.
ഷൊർണ്ണൂർ, ആലത്തൂർ എന്നിവിടങ്ങളിൽ എ.എസ്.പി, തൃശൂർ, കൊല്ലം ജില്ലകളിൽ എസ്.പി, കണ്ണൂരിൽ ക്രൈംബ്രാഞ്ച് എസ്.പി എന്നീ നിലകളിലും പിന്നീട് തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ എ.ഐ.ജിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി, 2011-ൽ എറണാകുളം മധ്യമേഖല ഐ.ജി എന്നീ പദവികൾ വഹിച്ചു. 2013 മുതൽ 2021 വരെ എഡിജിപിയായിരുന്നു. 2018-2020-ൽ കേരള പോലീസ് അക്കാദമി മേധാവിയായും പ്രവർത്തിച്ചു. 2020 ഡിസംബർ 31-ന് വിരമിച്ച ആർ.ശ്രീലേഖയ്ക്ക് പകരമായി അഗ്‌നിരക്ഷാ വിഭാഗം മേധാവിയായി നിയമിതയായി.
നടൻ ദിലീപ് പ്രതിസ്ഥാനത്തുള്ള യുവനടി ആക്രമിക്കപ്പെട്ട കേസ്, ജിഷ കൊലപാതകക്കേസ് തുടങ്ങിയ സുപ്രധാന കേസുകൾക്ക് നേതൃത്വം നൽകിയത് സന്ധ്യയാണ്. മുൻ മന്ത്രി കെജി ജോസഫിന് എതിരായ പീഡനപരാതിയും അന്വേഷിച്ചത് ഇവരുടെ നേതൃത്വത്തിലാണ്. 2009ൽ പൊലീസിൽ ഇവർ നടപ്പാക്കിയ ജനമൈത്രി സുരക്ഷാ പദ്ധതി കമ്യൂണിറ്റി പൊലീസിങ്ങിലെ മികച്ച മാതൃകയായി നിലനിൽക്കുന്നു.
ഷൊർണൂർ എഎസ്പിയായിരിക്കെ, പാലക്കാട്ട് 11 കാരി സിറാജുന്നിസ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവം കരിയറില്‍ കരിനിഴലായി നില്‍ക്കുന്നു. അന്ന് ഡിഎജിയായിരുന്ന രമൺ ശ്രീവാസ്തവയുടെ നിർദേശ പ്രകാരം വെടിവയ്ക്കാൻ ഉത്തരവിട്ടത് സന്ധ്യയായിരുന്നു. 1991 ഡിസംബർ 15ന് ഞായറാഴ്ച പാലക്കാട് പുതുപ്പള്ളി തെരുവിലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സിറാജുന്നിസ വെടിയേറ്റു മരിച്ചത്. ഇവിടെ കാര്യങ്ങൾ സമാധാനപൂർണമാണല്ലോ എന്ന സന്ധ്യയുടെ വയർലെസ് സന്ദേശത്തോട് 'എനിക്ക് തന്തയില്ലാത്ത മുസ്‌ലിംകളുടെ ജഡം വേണം' എന്ന് ശ്രീവാസ്തവ തിരിച്ചു പറഞ്ഞു എന്നാണ് പറയപ്പെടുന്നത്. ബിജെപി നേതാവ് മുരളീ മനോഹർ ജോഷിയുടെ നേതൃത്വത്തിൽ നടത്തിയ ഏകതായാത്രയെ അനുകൂലിച്ച് കേരളത്തിൽ സംഘ്പരിവാർ നടത്തിയ ഉപയാത്രയാണ് പാലക്കാട് വെടിവെപ്പിന് കാരണമായത്. രമൺ ശ്രീവാസ്തവ പറഞ്ഞ 'ഐ വാണ്ട് ദ ഡെഡ് ബോഡീസ് ഓഫ് മുസ്‌ലിം ബാസ്റ്റാഡ്‌സ്' എന്ന സന്ദേശം കളക്ടറുടെ ചേംബറിൽ ഉച്ചത്തിൽ കേൾക്കുകയായിരുന്നു. അന്ന് മന്ത്രിയായിരുന്ന ടി.എം ജേക്കബ്ബും വയർലെസ് സന്ദേശം കേട്ടിരുന്നു.
സർവോപരി പാലാക്കാരി
മീനച്ചിലാറ്റിൽച്ചാടി നീന്തി, ഒരുപാട് കൂട്ടുകാരോടൊപ്പം ചുറ്റിയടിച്ചു നടന്ന കുട്ടിയാണ് താൻ എന്ന് പല അഭിമുഖങ്ങളിലും സന്ധ്യ പറഞ്ഞിട്ടുണ്ട്. മികച്ച എഴുത്തുകാരിയുമാണ്. താരാട്ട്, ബാലവാടി, റാന്തൽവിളക്ക്, നീർമരുതിലെ ഉപ്പൻ, സ്ത്രീശക്തി, റാന്തൽവിളക്ക് തുടങ്ങിയ പുസ്തകങ്ങളുടെ കർത്താവാണ്. ഇടശ്ശേരി പുരസ്‌കാരം അടക്കം നിരവധി സാഹിത്യ അവാർഡുകളും തൊഴില്‍ മേഖലയില്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.