വീടും സ്ഥലവും പാര്‍ട്ടിക്ക് നല്‍കാന്‍ തീരുമാനിച്ച് ജനാര്‍ദനന്‍, സ്നേഹത്തോടെ നിരസിക്കുന്നുവെന്ന് സിപിഎം
"ജനാര്‍ദനന്‍റെ കുടുംബം അനാഥമാക്കാന്‍ ആഗ്രഹിക്കുന്നില്ല. ജനാര്‍ദനന്‍റെ നല്ല മനസ്സിന് നന്ദി പറയുന്നു"- എം വി ജയരാജന്‍
ആകെയുണ്ടായിരുന്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ വാക്സിന്‍ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത കണ്ണൂര്‍ കുറുവയിലെ ജനാർദനൻ തന്‍റെ വീടും സ്ഥലവും സിപിഎമ്മിന് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ ജനാർദനന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. പാർട്ടിക്ക് വേണ്ടെങ്കിൽ വീടും സ്ഥലവും അനാഥ മന്ദിരത്തിന് നൽകുമെന്നാണ് ജനാർദനന്റെ നിലപാട്.
ആകെ സമ്പാദ്യമായ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിന്‍ ചാലഞ്ചിലേക്ക് സംഭാവന ചെയ്താണ് ചാലാടന്‍ ജനാര്‍ദനന്‍ മലയാളികളുടെ മനസില്‍ ഇടം പിടിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനാര്‍ദനന് പ്രത്യേക ക്ഷണം ലഭിച്ചതും വാര്‍ത്തയായിരുന്നു. പിന്നാലെയാണ് തന്‍റെ പേരിലുളള പതിനാറ് സെന്‍റ് സ്ഥലവും വീടും സിപിഎമ്മിന് നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ജനാര്‍ദനന്‍ രംഗത്തെത്തിയത്. എന്നാല്‍ ജനാര്‍ദനന്‍റെ വലിയ മനസിനെ ബഹുമാനിക്കുന്നുവെന്നും വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നുവെന്നും സിപിഎം ജില്ലാസെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. "ജനാര്‍ദനന്‍റെ കുടുംബം അനാഥമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജനാര്‍ദനന്‍റെ നല്ല മനസ്സിന് നന്ദി പറയുന്നു"- എം വി ജയരാജന്‍ വ്യക്തമാക്കി.
ജനാര്‍ദനന്‍റെ തീരുമാനത്തിനെതിരെ മക്കള്‍ സിപിഎം ജില്ലാ നേതൃത്വത്തെ സമീപിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഇത്തരം ഒരു നിലപാടിലെത്തിയതെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വീടും പറമ്പും ഏതെങ്കിലും അനാഥാലയത്തിന് നല്‍കുമെന്ന് ജനാര്‍ദനന്‍ പറഞ്ഞു. ജനാര്‍ദനനുമായി ഇന്ന് സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.