പീഡനക്കേസിൽ പ്രതിയായ സി.ഐ സുനു ഇന്ന് ഡി.ജി.പിക്കു മുന്നിൽ ഹാജരാകും
തൃക്കാക്കരയിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ നടപടിക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും സുനുവിന്റെ അപേക്ഷ തള്ളുകയായിരുന്നു
തിരുവനന്തപുരം: പിരിച്ചുവിടൽ നടപടികളുടെ ഭാഗമായി പൊലീസ് ഇൻസ്‌പെക്ടർ പി.ആർ സുനു ഇന്ന് ഡി.ജി.പിക്കു മുന്നിൽ ഹാജരാകും. നേരിട്ടെത്തി വിശദീകരണം നൽകാൻ കഴിഞ്ഞ ദിവസം സുനുവിനോട് ഡി.ജി.പി അനിൽകാന്ത് നിർദേശിച്ചിരുന്നു. പീഡനക്കേസിലടക്കം പ്രതിയായ സുനു നിലവിൽ സസ്‌പെൻഷനിലാണ്.
തൃക്കാക്കരയിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ നടപടിക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും സുനുവിന്റെ അപേക്ഷ തള്ളുകയായിരുന്നു. സുനുവിനെ പിരിച്ചുവിടാനുള്ള തീരുമാനം ഉടനുണ്ടാകുമെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന വിവരം.
നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച ചർച്ചകൾ പൊലീസിൽ സജീവമായിരുന്നു. ഇതിന്റെ ആദ്യപടി എന്ന നിലയ്ക്ക് സുനുവിനെ വിളിച്ച് വിശദീകരണം തേടുകയായിരുന്നു. പിന്നീട് സി.ഐ സുനു അഡ്മിനിസ്ട്രേഷൻ ട്രിബ്യൂണലിന്റെ സമീപിക്കുകയാണുണ്ടായത്. ട്രിബ്യൂണൽ ഈ കേസ് പരിഗണിക്കുകയും സുനുവിനോട് വിശദീകരണം തേടുകയും 31ാം തിയതിക്കകം മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.