ബിനീഷ് കോടിയേരി ഇന്നു പുറത്തിറങ്ങിയേക്കും
കടുത്ത ജാമ്യവ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ ബിനീഷിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല
കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് പുറത്തിറങ്ങിയേക്കും. നടപടികൾ ഉച്ചയോടെ പൂർത്തിയാകുമെന്നാണ് സൂചന. കടുത്ത ജാമ്യവ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ ബിനീഷിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വർഷം തികയുന്നതിന്‍റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിക്കുന്നത്. 2020 ഒക്ടോബർ 29ന് അറസ്റ്റിലായി 14 ദിവസം ഇ.ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷം 2020 നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. ഇ.ഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
2021 ഫെബ്രുവരിയിൽ ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യാപേക്ഷ രണ്ടു തവണ തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. 2021 ഏപ്രിലിലാണ് ഹൈകോടതിയിൽ ജാമ്യാപേക്ഷയിൽ വാദം ആരംഭിക്കുന്നത്. ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ മൂന്നു തവണയാണ് ഹൈകോടതി ബെഞ്ച് മാറിയത്. പല തവണയായി നീണ്ടുപോയ ഏഴുമാസത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലാണിപ്പോൾ ബിനീഷിന് അനുകൂലമായി കോടതി വിധിയുണ്ടായത്.