പാലക്കാട് പിരായിരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫിന് ജയം
യു.ഡി.എഫിന് പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
പാലക്കാട്: പിരായിരി ഗ്രാമ പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫിന് ജയം. ജനതാദൾ (എസ്) അംഗമായ സുഹറ ബഷീറാണ് 11 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫിന് പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
യു.ഡി.എഫിലെ ധാരണപ്രകാരം കോൺഗ്രസ് അംഗമായ പ്രസിഡന്റ് രാജിവെച്ചതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിൽ ആറു സീറ്റ് കോൺഗ്രസിനും നാല് സീറ്റ് ലീഗിനുമായിരുന്നു. എൽ.ഡി.എഫിന് എട്ട് സീറ്റും ബി.ജെ.പിക്ക് മൂന്ന് സീറ്റുമാണുള്ളത്. തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ ബി.ജെ.പി അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അവർ വോട്ടെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.
എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ തെളിവാണ് പാലക്കാട് കണ്ടതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഒരു ഭാഗത്ത് ബി.ജെ.പിക്കെതിരെ വലിയ വായിൽ സംസാരിക്കുകയും മറുഭാഗത്ത് ബി.ജെ.പിയുമായി രാജമാണിക്യം സ്‌റ്റൈലിൽ കച്ചവടം ചെയ്യുകയും ചെയ്യുന്ന കൂട്ടരാണ് സി.പി.എം എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നടക്കാനിരിക്കുന്ന രാഷ്ട്രീയ നീക്കത്തിന്റെ സൂചനയാണ് പാലക്കാട് കണ്ടതെന്ന് ഫിറോസ് ആരോപിച്ചു.