'ബി.ജെ.പി സിനിമയെ രാഷ്ട്രീയ ആയുധമാക്കുന്നു'; ബോളിവുഡ് ബഹിഷ്‌ക്കരണത്തിനെതിരെ അഖിലേഷ് യാദവ്

ബോളിവുഡ് ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾ തടയാൻ യോഗി ആദിത്യനാഥ് ഇടപെടണമെന്ന് നടൻ സുനിൽ ഷെട്ടി ആവശ്യപ്പെട്ടിരുന്നു

Update: 2023-01-06 13:50 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ബോളിവുഡ് ബഹിഷ്‌ക്കരണത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി(എസ്.പി) നേതാവ് അഖിലേഷ് യാദവ്. സിനിമകളെ ബി.ജെ.പി രാഷ്ട്രീയ ആശയപ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നു. വിദ്വേഷത്തിന്റെ വാളുപയോഗിച്ച് സിനിമാ വ്യവസായത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ട്വിറ്ററിലാണ് അഖിലേഷിന്റെ വിമർശനം. 'സിനിമ ഒരു വിനോദ മാധ്യമമാണ്. എന്നാൽ, ബി.ജെ.പി അതിനെ തങ്ങളുടെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുകയാണ്. വിഷയം മാത്രമല്ല, സിനിമാ വ്യവസായം ഒന്നാകെ ബി.ജെ.പിയോടുള്ള ഭയം എന്നൊരു വിദ്വേഷത്തിന്റെ വാളുപയോഗിച്ച് ഭിന്നിപ്പിക്കപ്പെട്ടിരിക്കുകയാണ്. സിനിമകൾ മാറ്റവും പ്രതീക്ഷയും സൃഷ്ടിക്കുന്നത് ബി.ജെ.പിക്ക് ഇഷ്ടമില്ല.'-അദ്ദേഹം ട്വീറ്റ് ചെയ്തു.

സുനിൽ ഷെട്ടി, ജാക്ക് ഷ്‌റോഫ് അടക്കമുള്ള ബോളിവുഡ് താരങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അഖിലേഷിന്റെ വിമർശനം. മുംബൈയിൽ നടത്തുന്ന ദ്വിദിന സന്ദർശനത്തിനിടെയായിരുന്നു യോഗിയുടെ കൂടിക്കാഴ്ച. അതേസമയം,

ബോളിവുഡ് ബഹിഷ്‌ക്കരണ കാംപയിനിനെതിരെ ഇടപെടണമെന്ന് കൂടിക്കാഴ്ചയിൽ സുനിൽ ഷെട്ടി യോഗിയോട് ആവശ്യപ്പെട്ടു. ബോളിവുഡ് ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾ ചൂണ്ടിക്കാട്ടി ഇതേക്കുറിച്ച് സംസാരിക്കണമെന്നും ഷെട്ടി ആവശ്യമുന്നയിച്ചു.

''ബോളിവുഡ് ബഹിഷ്‌കരിക്കുക' എന്ന പേരിലുള്ള സജീവമായൊരു ഹാഷ്ടാഗിനെ കുറിച്ചാണ് സംസാരിക്കുന്നത്. താങ്കൾ ഇതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് നിർത്താൻ കഴിയും. ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതിൽ സിനിമാവ്യവസായത്തിന് വലിയ പങ്കുണ്ട്. നമ്മൾ കൈകോർത്ത് 'ബോളിവുഡ് ബോയ്കോട്ട്' പ്രവണത അവസാനിപ്പിക്കണം. സിനിമാ വ്യവസായത്തിലെ ഭൂരിഭാഗം ആളുകളും നല്ലവരാണെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയും വേണം. ഞങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല. മറ്റുള്ളവരെ ദ്രോഹിക്കുന്നില്ല. താങ്കൾ സംസാരിച്ചാൽ ആളുകൾ കേൾക്കും'- സുനിൽ ഷെട്ടി യോഗിയോട് പറഞ്ഞു.

Summary: 'BJP using films for political propaganda': Akhilesh Yadav's jibe directed at Boycott Bollywood campaign

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News