മരക്കച്ചവടക്കാരിൽ നിന്ന് കൈക്കൂലി; ഇടുക്കിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
പണം വീതം വെക്കുന്നതിലെ തർക്കമാണ് സംഭവം പുറത്താകാൻ കാരണം
Update: 2023-09-28 13:50 GMT
ഇടുക്കി: കൈക്കൂലി പരാതിയിൽ ഇടുക്കി വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഡെപ്യൂട്ടി റേഞ്ച് ഓഫീസൽ സിജി മുഹമ്മദ് , ഫോറസ്റ്റർ കെ എം ലാലു എന്നിവർക്ക് എതിരെയാണ് നടപടി. ഇടുക്കി പഴമ്പള്ളിച്ചാലിൽ മരം കച്ചവടക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് നടപടി. ആരോപണ വിധേയനായ റേഞ്ച് ഓഫീസറെ ജില്ലക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നു.
കർഷകരുടെ ഭൂമിയിൽ നിന്ന് മരം മുറിക്കാൻ മൗനാനുവാദം നൽകുകയും കച്ചവടക്കാരിൽ നിന്ന് കൈക്കൂലി വാങ്ങുകയും ചെയ്യുകയായിരുന്നു. ലോഡ് ഒന്നിന് 15,000 രൂപ മുതൽ 30,000 രൂപ വരെ വാങ്ങി പാസ് ഉണ്ടെന്ന വ്യാജേന മരം മുറിച്ചു കടത്തുകയായിരുന്നു. പണം വീതം വെക്കുന്നതിലെ തർക്കമാണ് ഈ സംഭവം പുറത്താകാൻ കാരണം.