ബഫർ സോൺ ഉത്തരവ്: വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് ഹർത്താൽ
ഇടുക്കി രൂപതയും സമരത്തിന് ആഹ്വാനം നൽകി
ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വനത്തോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രിംകോടതി വിധി ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
സുപ്രിംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഇടുക്കി രൂപതയും സമരത്തിന് ആഹ്വാനം നൽകി. ജനജീവിതത്തെ ബാധിക്കുന്ന ഉത്തരവ് പിൻവലിക്കും വരെ സമരമുഖത്തുണ്ടാകും എന്നാണ് പ്രഖ്യാപനം.
ഗാഡ്ഗിൽ കസ്തൂരിരംഗൻ വിഷയത്തിൽ പ്രത്യക്ഷ സമരം നടത്തിയ ഇടുക്കി രൂപത ബഫർ സോൺ വിഷയത്തിലും നിലപാട് കടുപ്പിക്കുകയാണ്. വനാതിർത്തിയോട് ചേർന്ന് ജനവാസ മേഖലകൾ കൂടുതലായുള്ള ഇടുക്കിയിൽ സുപ്രിംകോടതി ഉത്തരവ് ജനജീവിതത്തെ പൂർണമായി ബാധിക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുണ്ടാകണമെന്നും ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരജ്വാലയും തെളിച്ച് സമര പ്രഖ്യാപനവും നടത്തി. എൽ.ഡി.എഫിനും യു.ഡി.എഫിനും പിന്നാലെ ഇടുക്കി രൂപതയും സമരമുഖത്തെത്തിയതോടെ ജില്ല വീണ്ടും സമര ഭൂമിയായി മാറുകയാണ്.