കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് പള്ളികൾക്കെതിരെ കേസ്: പുനഃപരിശോധിക്കുമെന്ന് പൊലീസ് മേധാവി
തെന്നല പഞ്ചായത്തിലെ നാല് പള്ളികൾക്കെതിരെയാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് തെന്നല ഗ്രാമപഞ്ചായത്തിലെ പള്ളികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പുനഃപരിശോധിക്കുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി. രാഷ്ട്രീയ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തെന്നല പഞ്ചായത്തിലെ നാല് പള്ളികൾക്കെതിരെയാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്.
ആരാധനാലയങ്ങളിൽ നാല്‍പ്പത് ആളുകളെ പങ്കെടുപ്പിച്ചുള്ള പ്രാർത്ഥനക്ക് കോവിഡ് നിയന്ത്രണ ഇളവ് നൽകിയതിന് ശേഷം ജുമുഅ നമസ്കാരം നടന്ന തെന്നല പഞ്ചായത്തിലെ നാല് പള്ളികൾക്കെതിരെയാണ് തിരൂരങ്ങാടി പൊലിസ് കേസെടുത്തത്. ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പഞ്ചായത്തിൽ 20 ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനാകില്ല എന്നറിയിച്ചായിരുന്നു ജുമുഅ നമസ്കാരം സംഘടിപ്പിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ 10000 രൂപ വീതം പള്ളി കമ്മറ്റികൾക്ക് പിഴ ചുമത്തി, ഇതിൽ രണ്ട് പള്ളി കമ്മിറ്റികൾ പിഴ തുക അടച്ചു. മറ്റു രണ്ട് പള്ളി കമ്മിറ്റികൾ കേസ് നിയമപരമായി നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് കേസെടുത്തത് പുനപരിശോധിക്കുമെന്ന ജില്ലാ പൊലിസ് മേധാവിയുടെ ഉറപ്പ്.
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലിസ് അനാവശ്യ നടപടി സ്വീകരിക്കുന്നെന്ന പരാതിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. ഇക്കാര്യത്തിലും നടപടിയുണ്ടാകുമെന്നും എസ്.പി ഉറപ്പ് നൽകി.