നാദാപുരം റാഗിങ്; ഒമ്പത് സീനിയർ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
ആന്റി റാഗിങ് സെല്ലിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കും.
കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളജിലെ റാഗിങ്ങിൽ പൊലീസ് കേസെടുത്തു. ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് ഒമ്പത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആന്റി റാഗിങ് സെല്ലിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കും. സെൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും. സംഭവത്തിൽ എട്ടു വിദ്യാർഥികളെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ആന്റി റാഗിങ് സെല്ലിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കും. മര്‍ദനത്തില്‍ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥി നിഹാല്‍ ഹമീദിന്റെ ചെവിക്ക് ഗുരുതര പരിക്കേറ്റിരുന്നു. നിഹാലിന്റെ കർണപുടം പൊട്ടി. മുഹമ്മദ് റാഫി, സലാഹുദ്ദീൻ എന്നീ വിദ്യാർഥികൾക്കും മർദനമേറ്റിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് റാഗിങ് നടന്നത്. 15ഓളം പേർ വരുന്ന സീനിയർ വിദ്യാർഥികൾ ചേർന്നാണ് റാഗിങ് നടത്തിയത്. രണ്ടു മാസം മുമ്പ് കോളജിൽ പ്രവേശനം നേടിയവരാണ് മർദനത്തിനിരയായത്. രക്ഷിതാക്കളാണ് ഇതേക്കുറിച്ച് പൊലീസിനും കോളജ് അധികൃതർക്കും പരാതി നൽകിയത്.
വസ്ത്രധാരണത്തെ ചൊല്ലി മുതിർന്ന വിദ്യാർഥികൾ ഭീഷണി മുഴക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി നിഹാൽ പറഞ്ഞിരുന്നു. നിഹാലിന്റെ ഇടതു ചെവിക്കാണ് അടിയേറ്റത്. പരിക്കേറ്റ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് വിദ്യാർഥി. കേൾവിശക്തി വീണ്ടെടുക്കാൻ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചിട്ടുണ്ട്.