കളമശ്ശേരി സ്‌ഫോടനത്തിൽ മതവിദ്വേഷ പ്രചാരണം: ഷാജൻ സ്‌കറിയ്‌ക്കെതിരെ കേസ്

മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്

Update: 2023-10-31 10:05 GMT
Advertising

കോട്ടയം: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ കുമരകം പൊലീസ് കേസെടുത്തു. കളമശ്ശേരി സ്‌ഫോടനത്തിന് ശേഷം മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെതിരെയാണ് കേസ്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ പിവി അൻവർ എംഎൽഎയും പരാതി നൽകിയിരുന്നു. സംഭവത്തിന്റെ പിന്നാലെ, ക്രിസ്ത്യൻ-മുസ്ലിം മതവിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഷാജൻ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചെന്നും അതിനാൽ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഡിജിപി(ലോ ആൻഡ് ഓർഡർ) എംആർ അജിത് കുമാറിന് രേഖാമൂലം പരാതി നൽകിയതായി ഫേസ്ബുക്കിലൂടെയാണ് എംഎൽഎ അറിയിച്ചിരുന്നത്.

മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച 'ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ? കളമശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്ഫോടനമോ' എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി നൽകിയതെന്നും പിവി അൻവർ വ്യക്തമാക്കി. പരാതിയുടെ പകർപ്പ് സഹിതമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

വിഷയത്തിൽ കേരളത്തിലെ മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു വീഡിയോയുടെ ലക്ഷ്യമെന്നും പിവി അൻവർ കുറ്റപ്പെടുത്തി. മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുക, വെറുപ്പ് പ്രചരിപ്പിക്കുക, സമൂഹത്തിലെ സമാധാനവും സന്തുലിതാവസ്ഥയും തകർക്കുന്ന വിധത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഈ വീഡിയോക്ക് പിറകിലുണ്ടെന്നും പരാതിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതായും പറഞ്ഞു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണെന്നും ഇതിന് മുമ്പും ഷാജൻ സ്‌കറിയ വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടി. അതിനാൽ ഷാജൻ സ്‌കറിയയ്ക്കും മറുനാടൻ മലയാളിക്കുമെതിരെ 153 എ, 505, 153 ബി എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും അൻവർ പരാതിയിൽ പറഞ്ഞു. നേരത്തെയും അൻവർ ഷാജൻ സ്‌കറിയയ്ക്കെതിരെയും മറുനാടൻ മലയാളിക്കെതിരെയും പരാതി നൽകിയിരുന്നു. അത് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

Case against Shajan Scaria for spreading religious hatred

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News