'ഫ്രഞ്ച് കമ്പനിക്ക് കരാർ ലഭിച്ചത് കമ്മീഷൻ വാങ്ങി': സിൽവർ ലൈൻ പദ്ധതിയിൽ അഴിമതി ആരോപണവുമായി ചെന്നിത്തല
ഫ്രഞ്ച് കമ്പനിക്ക് കരാർ ലഭിച്ചത് കമ്മീഷൻ വാങ്ങിയാണ്. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയത്. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല
സിൽവർ ലൈൻ പദ്ധതിയിൽ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല. കൺസൾട്ടൻസി കമ്പനിയെ നിയമിച്ചതിൽ അഴിമതിയുണ്ട്. ഫ്രഞ്ച് കമ്പനിക്ക് കരാർ ലഭിച്ചത് കമ്മീഷൻ വാങ്ങിയാണ്. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയത്. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സിൽവർ ലൈനിന് സർവേ നടത്തിയതിലും കൺസൾട്ടൻസിയെ നിയമിച്ചതിലുമാണ് ആരോപണം. അഞ്ച് ശതമാനമാണ് കൺസൾട്ടൻസിയുടെ കമ്മീഷൻ. കരിമ്പട്ടികയിൽ പെട്ട ഫ്രഞ്ച് കമ്പനിക്കാണ് കരാർ. പദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, സംസ്ഥാന സർക്കാർ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് പണയം വെക്കാനാണെന്നും ആരോപിച്ചു.
അതേസമയം കെ-റെയില്‍ പ്രക്ഷോഭകര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം രംഗത്ത് എത്തി. മാർഗതടസം സൃഷ്ടിക്കുമ്പോൾ പൊലീസിന് സ്തംഭിച്ച് നിൽക്കാനാവില്ല. സമരകാലത്ത് സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് കേരളത്തിൽ പുതിയ സംഭവമല്ല. കേരളത്തില്‍ നന്ദീഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കെ-റെയിൽ കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. മലപ്പുറം ജില്ലയിലെ തിരൂരില്‍ ജനവാസ മേഖലകളിൽ സ്ഥാപിച്ച സർവേകുറ്റികള്‍ നാട്ടുകാർ പിഴുതുമാറ്റി . പലസ്ഥലത്തും സർവേ താൽക്കാലികമായി നിർത്തിവെച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളത്ത് കെ- റെയിലിനായി സ്ഥാപിച്ച സർവേ കല്ലുകൾ യു.ഡി.എഫ് നേതാക്കള്‍ പിഴുതെറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും പിറവം എം.എൽ.എ അനൂപ് ജേക്കബിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.