പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ: കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്
കുട്ടിയുടെ മൊഴിയെടുത്ത് ബാലനീതി നിയമത്തിലെ 75ആം വകുപ്പ് പ്രകാരം കേസെടുക്കണം.
തിരുവന്തപുരത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് അച്ഛനെയും മകളെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. കുട്ടിയുടെ മൊഴിയെടുത്ത് ബാലനീതി നിയമത്തിലെ 75ആം വകുപ്പ് പ്രകാരം കേസെടുക്കണം. കുട്ടിക്കുണ്ടായ മാനസികാഘാതം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ആറ്റിങ്ങൽ എസ്എച്ച്ഒയ്ക്കും ഡിവൈഎസ്പിക്കുമാണ് കമ്മീഷന്‍റെ നിർദേശം. കുട്ടികളുടെ നിയമങ്ങൾ സംബന്ധിച്ച പൊലീസുകാർക്ക് പരിശീലനം നൽകാൻ ഡിജിപിക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
ആഗസ്ത് 27ആം തിയ്യതിയാണ് സംഭവം. ഐഎസ്ആര്‍ഒ കാര്‍ഗോ വാഹനം കാണാന്‍ പോയ അച്ഛനും എട്ട് വയസുകാരിയായ മകളുമാണ് സി പി രജിത എന്ന ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണയ്ക്ക് ഇരയായത്. മകള്‍ക്ക് അച്ഛന്‍ കടയില്‍ നിന്ന് വെള്ളം വാങ്ങിക്കൊടുക്കുമ്പോഴാണ് പിങ്ക് പൊലീസിന്‍റെ വാഹനം വന്നത്. വാഹനത്തില്‍ നിന്നിറങ്ങിയ ഓഫീസര്‍ മൊബൈല്‍ ഫോണെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ സ്വന്തം മൊബൈല്‍ ഫോണെടുത്തപ്പോള്‍ ഇതല്ല കാറില്‍ നിന്നെടുത്തത് എന്ന് കയര്‍ത്തു. മകളുടെ കയ്യില്‍ കൊടുക്കുന്നത് കണ്ടല്ലോ എന്നു പറഞ്ഞ് ഓഫീസര്‍ ആക്രോശിച്ചു. കുട്ടിയോടും ദേഷ്യപ്പെട്ടു.
ആളുകളെ വിളിച്ചുകൂട്ടി. തിരച്ചില്‍ നടത്തിയപ്പോള്‍ പൊലീസ് ഓഫീസറുടെ ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കിട്ടുകയായിരുന്നു. സംഭവത്തിന് ശേഷം മകള്‍ പേടിച്ചുപോയ കുഞ്ഞ് രാത്രിയില്‍ ഞെട്ടിയെഴുന്നേല്‍ക്കുമായിരുന്നുവെന്ന് കുടുംബം പറഞ്ഞു. കൌണ്‍സിലിങ് കൊടുത്തു. മാനസികമായി അവള്‍ക്ക് നല്ല ബുദ്ധിമുട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പറയുകയുണ്ടായി.