വയനാട്ടിൽ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ മരിച്ച നിലയില്‍
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത 38 പേർ തട്ടിപ്പിനിരയായതായി വിജിലൻസ് കണ്ടെത്തിയിരുന്നു
വയനാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ മരിച്ച നിലയിൽ. ചെമ്പകമൂല കിഴക്കേഇടയിലത്ത് രാജേന്ദ്രന്‍ നായരെയാണ് അയൽവാസിയുടെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.73,000രൂപ വായ്പയെടുത്ത രാജേന്ദ്രൻ നായരുടെപേരിൽ 40 ലക്ഷം കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകള്‍ പറയുന്നത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ കാണാതായ രാജേന്ദ്രന്‍ നായരെ ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തതായും 40 ലക്ഷം രൂപ കുടിശികയുണ്ടെന്നും ബാങ്ക് രേഖകളിലുണ്ട്. എന്നാല്‍ 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്ന് രാജേന്ദ്രന്‍ നായര്‍ പറഞ്ഞിരുന്നു.
ബാങ്കിലെ വിവാദമായ വായ്പാ തട്ടിപ്പിനിരയാണ് രാജേന്ദ്രന്‍ നായരെന്ന് നാട്ടുകാര്‍ പറയുന്നു. തന്റെ പേരില്‍ വന്‍തുക ബാധ്യതയുണ്ടെന്നു അറിഞ്ഞതുമുതല്‍ ഇദ്ദേഹം മനോവിഷമത്തിലായിരുന്നു. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത 38 പേർ തട്ടിപ്പിനിരയായതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ഭരണസമിതിയിലുള്ള ബാങ്ക് ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനിടെയാണ് ഇരകളിലൊരാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരേ ജനകീയ സമര സമിതി നടത്തിയ പ്രക്ഷോഭങ്ങളില്‍ രാജേന്ദ്രന്‍ നായര്‍ സജീവമായിരുന്നു.