പറവൂരിൽ ഒത്തുതീർപ്പിന് വിളിച്ചുവരുത്തി എസ്.ഐ ക്രൂരമായി മർദിച്ചതായി പരാതി
പറവൂർ എസ്.ഐ മർദിച്ചെന്നാണ് നന്ദികുളങ്ങര സ്വദേശി അഖിലേഷിന്റെ പരാതി
കൊച്ചി: എറണാകുളം പറവൂരിൽ ഒത്തുതീർപ്പിന് വിളിച്ച് വരുത്തി എസ്.ഐ ക്രൂരമായി മർദിച്ചതായി പരാതി. പറവൂർ എസ്.ഐ മർദിച്ചെന്നാണ് നന്ദികുളങ്ങര സ്വദേശി അഖിലേഷിന്റെ പരാതി.
പൊലീസ് മർദിച്ചെന്ന് പറഞ്ഞിട്ടും കളമശ്ശേരി മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളും ചികിത്സ നൽകാൻ തയ്യാറായില്ലെന്ന് അഖിലേഷ് പറഞ്ഞു. കഴിഞ്ഞ മാസം 31നാണ് സംഭവം. മര്‍ദനമേറ്റ യുവാവും നാട്ടിലുള്ള ചില യുവാക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കത്തിന്‍റെ പേരില്‍ ആദ്യം ഇവരെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി വിട്ടിരുന്നു. പിന്നീട 29ന് രണ്ടു കൂട്ടരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്ന് പിറ്റേദിവസം രാവിലെ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അഖിലേഷിനെ എസ്.ഐ സ്റ്റേഷനകത്തേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇതിനു ശേഷം യുവാവിന്‍റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരുടെ മുന്നില്‍വച്ചും മര്‍ദിച്ചുവെന്നും ആരോപണമുണ്ട്. പരാതിയുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ കേസുകള്‍ തലയിലിട്ട് തരുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും പറയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോയെങ്കിലും പൊലീസ് മര്‍ദിച്ചെന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയത്. സംഭവത്തില്‍ എസ്.പിക്ക് പരാതി നല്‍കുമെന്ന് യുവാവിന്‍റെ സഹോദരന്‍ പറഞ്ഞു.