രാമക്ഷേത്രം: കോൺഗ്രസ് നിലപാട് സ്വാഗതാർഹം, പിന്നിൽ ഇടതുപക്ഷ സ്വാധീനം -എം.വി. ഗോവിന്ദൻ
‘തീരുമാനത്തിലൂടെ ഇൻഡ്യ മുന്നണിക്ക് ഒരുപടി കൂടി മുന്നോട്ടുപോകാൻ കഴിഞ്ഞു’
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാനുള്ള കോൺഗ്രസ് നിലപാട് സ്വാഗതാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തീരുമാനത്തിലൂടെ ഇൻഡ്യ മുന്നണിക്ക് ഒരുപടി കൂടി മുന്നോട്ടുപോകാൻ കഴിഞ്ഞു. തീരുമാനത്തിന് പിന്നിൽ ഇടതുപക്ഷ സ്വാധീനമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തത് രാഷ്ട്രീയ നിന്ദയല്ലെന്ന് എൻ.എസ്.എസിന് മറുപടിയായിട്ട് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുന്നതാണ് സി.പി.എമ്മിന് പ്രധാനം.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാല കാര്യങ്ങളും പറയുന്നുണ്ട്. മെഡിക്കൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല.
സമരം ചെയ്യാൻ ഇറങ്ങുന്നവർക്ക് കേസിനെ നേരിടാനുള്ള ആർജ്ജവം കൂടി വേണം. തനിക്ക് അസുഖമാണെന്ന് പറഞ്ഞ് രാഹുൽ കോടതിയിൽ പോയപ്പോൾ കോടതിയാണ് അത് ശരിയല്ലെന്ന് പറഞ്ഞത്. എല്ലാവരോടും പൊലീസും ഭരണകൂടവും എടുക്കുന്ന നിലപാട് ഒരുപോലെയാണ്. അതിൽ ഭരണപക്ഷം, പ്രതിപക്ഷം എന്നില്ല.
കേസും സമരവും അടിയുമെല്ലാം എം.എൽ.എ ആയാലും എം.പി ആയാലും ഉണ്ടാകും. അതൊക്കെ മുമ്പും ഉണ്ടായ കാര്യമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.