കെ.സുധാകരനെതിരായ വിവാദ പ്രസ്താവന; എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്
എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
കൊച്ചി: പോക്സോ കേസിൽ കെ.സുധാകരനെതിരായ വിവാദ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്. എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്‍പി സാബു മാത്യു ഡിജിപിക്ക് കൈമാറി.
പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് കാലാപാഹ്വാനത്തിന് കേസെടുക്കാൻ പരാതി നൽകിയത്. എംവി ഗോവിന്ദനെതിരായ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നും കോടതിയെ സമീപിക്കുമെന്നും നവാസ് മീഡിയവണിനോട് പറഞ്ഞു.
അതേസമയം, കെ.സുധാകരൻ നൽകിയ മാനനഷ്ട കേസ് എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ചശേഷം ഫയലിൽ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. എം.വി ഗോവിന്ദൻ, പി.പി.ദിവ്യ, ദേശാഭിമാനി എന്നിവർക്കെതിരെയാണ് കെ.സുധാകരൻ മാനനഷ്ടകേസ് നൽകിയത്.
മോൻസണ്‍ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. ദേശാഭിമാനിയിൽ വന്ന വാർത്ത ഉദ്ധരിച്ചാണ് എം.വി.ഗോവിന്ദൻ സുധാകരനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.