ഗാന്ധി അനുസ്മരണ ചടങ്ങിനെ ചൊല്ലി തര്‍ക്കം; വടക്കാഞ്ചേരിയില്‍ കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
ഗാന്ധി അനുസ്മരണ ചടങ്ങ് നടത്തുന്ന സമയത്തെ ചൊല്ലി ഐ ഗ്രൂപ്പിലുള്ള പ്രവർത്തകർ തമ്മിലാണ് തർക്കമുണ്ടായത്.
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയില്‍ കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഗാന്ധിജിയുടെ ചിത്രവും, നിലവിളക്കും വലിച്ചെറിഞ്ഞ നിലയിലാണ്. ഗാന്ധി അനുസ്മരണ ചടങ്ങ് നടത്തുന്ന സമയത്തെ ചൊല്ലി ഐ ഗ്രൂപ്പിലുള്ള പ്രവർത്തകർ തമ്മിലാണ് തർക്കമുണ്ടായത്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും മണ്ഡലം പ്രസിഡന്റും തമ്മിലായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷം കഴിഞ്ഞ് ഒരു വിഭാഗം പിരിഞ്ഞു പോയ ശേഷം മറുവിഭാഗം ബ്ലോക്ക് പ്രസിഡണ്ട് പി.ജി ജയദീപിന്‍റെ നേതൃത്വത്തില്‍ ഗാന്ധി ചിത്രം ഉൾപ്പെടെ നശിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. എന്നാല്‍ ബ്ലോക്ക് പ്രസിഡന്‍റ് ആരോപണം നിഷേധിച്ചു. സംഭവത്തില്‍ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ഇരു വിഭാഗവും അറിയിച്ചു.