സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ഇന്നലെ കേസുകൾ 2000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമായി ഉയർന്നിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ കേസുകൾ 2000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമായി ഉയർന്നിട്ടുണ്ട്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് കോവിഡ് കേസുകൾ 2000 കടക്കുന്നത്. ഇന്നലെ 2271 പേർക്കാണ് രോഗബാധ. ഇതിന് മുമ്പ് പ്രതിദിന രോഗികൾ രണ്ടായിരം കടക്കുന്നത് മാർച്ച് നാലിനാണ്. അന്ന് 2,190 പേർക്കായിരുന്നു രോഗബാധ. ഇന്നലെ രണ്ട് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചക്കിടെ 52 മരണമാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിലെ കോവിസ് കണക്കുകളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്.
നിലവിലെ രോഗവ്യാപനത്തിന് കാരണം ഒമിക്രോൺ ആണ്. സംസ്ഥാനത്ത് പുതിയ വകഭേദങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ജനിതകശ്രേണീ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. പൊതുയിടങ്ങളിൽ മാസ്ക് , സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.