Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്നും മകനെ രക്ഷിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്ത് നൽകി കുറാഞ്ചേരി സ്വദേശി ജയിന്റെ പിതാവ്. മകനെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് പിതാവ് കുര്യൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറഞ്ഞു. യുദ്ധത്തിൽ പരിക്കേറ്റ് മോസ്കോയിൽ ചികിത്സയിലാണ് ജയിൻ.
'ഇലക്ട്രിക്കൽ ജോലി വാഗ്ദാനം ചെയ്താണ് മകനെ റഷ്യയിലേക്ക് എത്തിച്ചത്. തൃശൂർ സ്വദേശികളായ സിബി, സുമേഷ് ആന്റണി എന്നിവരും എറണാകുളം സ്വദേശി സന്ദീപുമാണ് കൂലി പട്ടാളത്തിൽ ആളെ ചേർത്തതിന് പിന്നിൽ. റഷ്യയിലെത്തിയ ശേഷമാണ് കൂലി പട്ടാളത്തിലേക്ക് എന്ന് അറിഞ്ഞത്. മകനെ നാട്ടിലെത്തിക്കാൻ സഹായിക്കണം' എന്ന് കത്തിൽ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 4ന് ആയിരുന്നു ജയിനും പിതൃസഹോദരന്റെ മകനായ ബിനിലും റഷ്യയിൽ എത്തിയത്. ഒരുവർഷത്തെ കരാറിലാണ് ജോലിക്കായി പുറപ്പെട്ടത്. എന്നാൽ റഷ്യയിൽ എത്തിയ ശേഷമാണ് ചതി മനസിലായത്. ഇരുവരുടെയും പാസ്‌പോർട്ടുകൾ പിടിച്ച് വെക്കുകയും, റഷ്യൻ മിലിട്ടറി സപ്പോർട്ട് സർവീസിൻ്റെ ഭാഗമായി യുദ്ധമേഖലയിലേക്ക് വിന്യസിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ബിനിൽ ബാബു കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ അറിയിച്ചിരുന്നു.