'ഭരണഘടനയെ വിമർശിക്കുകയല്ല അവഹേളിക്കുകയാണ് സജി ചെറിയാൻ ചെയ്തത്'; സി.പി.എം തീരുമാനം തെറ്റാണെന്ന് കെ. മുരളീധരൻ
ആരെങ്കിലും കോടതിയിൽ പോയാൽ സജി ചെറിയാൻ വീണ്ടും രാജി വെക്കേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു
തിരുവനന്തപുരം: കോടതി തീരുമാനം വരുന്നതിന് മുന്നേ സജി ചെറിയാനെ മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം തെറ്റാണെന്ന് കെ. മുരളീധരൻ. ഭരണഘടനയെ വിമർശിക്കുകയല്ല അവഹേളിക്കുകയാണ് സജി ചെറിയാൻ ചെയ്തത്. ആരെങ്കിലും കോടതിയിൽ പോയാൽ സജി ചെറിയാൻ വീണ്ടും രാജി വെക്കേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു.
ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൻറെ പേരിൽ രാജി വെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാമെന്ന തീരുമാനത്തിലേക്കെത്തിയത്. പൊലീസ് റിപ്പോർട്ട് സജി ചെറിയാന് അനുകുലമായതും കോടതികളിൽ കേസുകളൊന്നും തന്നെ നിലവിലില്ലാതിരിക്കുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സി.പി.എം എത്തിയത്.
ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്നത് ശ്രദ്ധേയമാണ്. അടുത്ത മാസം 23 ന് നിയമസഭാ സമ്മേളനം ചേരാൻ ധാരണയായിട്ടുണ്ട്. അതിന് മുന്നോടിയായി സജി ചെറിയാൻറെ സത്യപ്രതിജ്ഞ നടത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഗവർണറുടെ സൌകര്യം നോക്കി തിയ്യതി നിശ്ചയിക്കും. അദ്ദേഹം നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരിക വകുപ്പുകൾ തന്നെ നൽകാനാണ് ധാരണ