സിപിഎം ഇടപെടല്‍ നിര്‍ണായകമായി; എല്‍ജെഡിയിലെ കലാപം അവസാനിക്കുന്നു

Update: 2021-12-05 09:14 GMT
Advertising

എല്‍ജെഡിയില്‍ ശ്രേയംസ്കുമാറിനെതിരെ വി സുരേന്ദ്രന്‍പിള്ളയും ഷെയ്ഖ് പി ഹാരിസും ഉയര്‍ത്തിയ കലാപ നീക്കം സമവായത്തിലേക്ക്. സുരേന്ദ്രന്‍പിള്ളയും ശ്രേയാംസ്കുമാറും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്ന പരിഹാര ഫോര്‍മുല രൂപം കൊണ്ടത്. സിപിഎം നേതൃത്വത്തിന്റെ ഇടപെടലുകളാണ് പിളര്‍പ്പ് ഒഴിവാക്കുന്നതിലേക്ക് നയിച്ചത്.

ഇന്നലെ രാവിലെ കൊച്ചിയിലായിരുന്നു വി സുരേന്ദ്രന്‍പിള്ളയടക്കമുള്ള വിമത നേതാക്കാളുമായി ശ്രേയാംസ്കുമാര്‍ ചര്‍ച്ച നടത്തിയത്. വിമതര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ശ്രേയാംസ്കുമാറിന് മുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് തൃശൂരില്‍ ചേര്‍ന്ന എല്‍ജെഡി നേതൃ യോഗത്തിലും വിഷയം ചര്‍ച്ചയായി. വിമതര്‍ക്കെതിരായ നടപടികള്‍ ഔദ്യോഗിക വിഭാഗം പിന്‍വലിക്കും. വിമത പക്ഷം നടത്തി വരുന്ന സമാന്തര യോഗങ്ങളും നിര്‍ത്തിവെയ്ക്കും. എല്‍ജെഡി പിളരുന്നതിലെ അതൃപ്തി സിപിഎം നേതൃത്വം ഇരുവിഭാഗവുമായി പങ്ക് വെച്ചിരുന്നു. ഇതാണ് ഒത്തു തീര്‍പ്പ് ചര്‍ച്ചയിലേക്ക് ഇരുപക്ഷത്തേയും നയിച്ചത്.

ശ്രേയാംസ്കുമാറുമായുള്ള ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ഫോര്‍മുല വിമത വിഭാഗത്തിന്റെ വിഭാഗത്തിന്റെ 15 അംഗ കമ്മറ്റി ചര്‍ച്ച ചെയ്യും. അതിന് ശേഷം വീണ്ടും ഇരുവിഭാഗവും തമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും. പിളര്‍പ്പ് ഒഴിവാക്കണമെന്ന് വിവിധ ജില്ലാ കമ്മറ്റികളും നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പിളര്‍പ്പ് പാര്‍ട്ടിക്ക് താങ്ങാനാകില്ലെന്നായിരുന്നു ജില്ലാ നേതൃത്വങ്ങളുടെ നിലപാട്. ഇതും സമവായത്തിലേക്ക് നീങ്ങുന്നതില്‍ നിര്‍ണായകമായി.

Summary : CPM intervention crucial; The riots in the LJD are coming to an end

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News