മൂന്നാറിലെ കുടിയേറ്റമൊഴിപ്പിക്കലിൽ സി.പി.എം ഇടപെടൽ; കൂടിയാലോചനകൾക്ക് ശേഷമെ നടപടികളുണ്ടാകുവെന്ന് കലക്ടർ
കോടതി നിർദ്ദേശ പ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമാണ് ഇന്ന് നടന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു
ഇടുക്കി: മൂന്നാറിലെ കുടിയേറ്റമൊഴിപ്പിക്കലിൽ സി.പി.എം ഇടപെടൽ. കൂടിയാലോചനകൾക്ക് ശേഷമെ നടപടികൾ സ്വീകരിക്കുവെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതായി സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. കോടതി നിർദ്ദേശ പ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമാണ് ഇന്ന് നടന്നതെന്നും സി.വി വർഗീസ് പറഞ്ഞു. കുടിയേറ്റ നടപടികൾ നിർത്തിവെക്കുമെന്ന് കലക്ടർ തനിക്ക് ഉറപ്പ് നൽകിയതായി സി.വി വർഗീസ് വ്യകതമാക്കിയിരുന്നു.
എന്നാൽ നടപടികൾ നിർത്തിവെക്കുമെന്ന് താൻ ആർക്കും ഉറപ്പ് നൽകിയിട്ടില്ല. കൂടിയാലോചനയ്ക്ക് ശേഷം നടപടികളുമായി മുമ്പോട്ടു പോകാമെന്നുള്ള വിശദീകരണമാണ് നൽകിയതെന്ന് കലക്ടർ അറിയിച്ചു. മുന്നൂറ്റി ഒന്ന് കോളനിക്ക് സമീപമുള്ള ടി.ജു കുര്യാക്കോസ് എന്ന വ്യക്തിയുടെ ഉടമസ്ഥയിലുള്ള അഞ്ചര ഏക്കർ സ്ഥലമാണ് ദൗത്യസംഘം ഇന്ന് ഒഴിപ്പിച്ചത്. ഈ സ്ഥലം ഒഴിപ്പിച്ചതിന് പിന്നാലെ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. വൻകിട കയ്യേറ്റകാർക്കെതിരെ നടപടിയെടുക്കാതെ കുടിയേറ്റ കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് ദൗത്യ സംഘം സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
കുടിയേറ്റമൊഴിപ്പിച്ചതിൽ എന്തെങ്കിലും ഒരു കാരണമുണ്ടാകുമെന്നും പ്രധിഷേധം ന്യായമാണെങ്കിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും എം.എം മണി പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പ്രതികരണവുമായി രംഗത്തെത്തിയത്. ദൗത്യ സംഘം നിലവിൽ വന്നതിന് പിന്നാലെ കയ്യേറ്റങ്ങൾ പരിശോധിക്കാമെന്നും ജനങ്ങളെ ദ്രോഹിച്ചു കെണ്ടുള്ള നടപടിയിലേക്ക് കടക്കരുതെന്നുമുള്ള നിലപാടാണ് സി.പി.എം സ്വീകരിച്ചത്.