'നിയമലംഘകര്‍ക്ക് ചായ വാങ്ങിക്കൊടുക്കാൻ കഴിയുമോ?' പൊലീസിനെ ന്യായീകരിച്ച് സിപിഎം
നിയമം ലംഘിക്കാത്ത ആർക്കും പൊലീസ് പിഴയിട്ടതായി അറിയില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു
കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് അന്യായമായി പിഴയീടാക്കുന്നതായുള്ള വ്യാപക പരാതിക്കിടയില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം. നിയമം ലംഘിക്കാത്ത ആർക്കും പൊലീസ് പിഴയിട്ടിട്ടതായി അറിയില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. നിയമലംഘകർക്ക് ചായ വാങ്ങിക്കൊടുക്കാൻ കഴിയുമോയെന്നും അദ്ദേഹം പരിഹസിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് വിജയരാഘവന്‍റെ പ്രതികരണം.
കോവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീസിനെതിരെ വ്യാപകമായി പരാതിയാണ് ഉയരുന്നത്. അന്യായമായി പിഴയീടാക്കുകയും കേസെടുക്കുകയും ചെയ്യുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ മാത്രം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 70,000ത്തോളം പേര്‍ക്ക് പിഴയിട്ടതായാണ് റിപ്പോര്‍ട്ട്. മാസ്‌ക് ധരിക്കാത്തതിന് 45,279 പേരിൽനിന്നും മറ്റ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി 20,709ലേറെ പേരില്‍നിന്നും പിഴയീടാക്കി. 3,951 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓരോ സ്‌റ്റേഷനിലും കുറഞ്ഞത് 30 കേസെങ്കിലും എടുക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശമുള്ളതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
മത്സ്യത്തൊഴിലാളിയായ സ്ത്രീയുടെ മീൻ തട്ടിക്കളഞ്ഞ പൊലീസ് നടപടി ഏറെ വിവാദമായിരുന്നു. ക്ഷേത്രദർശനത്തിനെത്തിയ കുടുംബത്തിന് 17,500 രൂപയും പിഴയീടാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർത്ഥിയിൽനിന്ന് 2,000 രൂപയാണ് പൊലീസ് പിഴയീടാക്കിയത്.