'അടിക്കാനിങ്ങോട്ട് വരട്ടെ, സുരേന്ദ്രന്റേത് നിന്ദ്യവും നീചവുമായ പ്രയോഗം'; വിമർശിച്ച് പി.കെ. ശ്രീമതി
സുരേന്ദ്രന് മറുപടി പറയാൻ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റെ സംസ്‌കാരത്തിനനുസരിച്ച് സംസാരിച്ചുവെന്നും ചിന്ത ജെറോം
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. സുരേന്ദ്രൻ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനല്ലേ സുരേന്ദ്രനെന്ന് ചോദിച്ച പി.കെ ശ്രീമതി ഇത്രയും നിന്ദ്യവും മ്ലേച്ഛവുമായ പരാമർശം സംസ്ഥാനത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അവരുടെ പ്രതികരണം.
ഒരു പെൺകുട്ടിയെ ഈ രീതിയിൽ അധിക്ഷേപിക്കാൻ എങ്ങനെയാണ് അദ്ദേഹത്തിന്റെ നാവ് ചലിച്ചതെന്നും അദ്ദേഹത്തിന്റെ വീട്ടിലും സ്ത്രീകൾ ഉണ്ടാകില്ലേയെന്നും ചോദിച്ചു. ഇനി ഒരു പെൺകുട്ടിക്ക് നേരെയും ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ലെന്നും സുരേന്ദ്രന്റേത് വാക്ക് ലോകമലയാളികൾ ശ്രദ്ധിക്കണമെന്നും പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം മലയാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, സുരേന്ദ്രന് മറുപടി പറയാൻ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റെ സംസ്‌കാരത്തിനനുസരിച്ച് സംസാരിച്ചുവെന്നും ചിന്ത ജെറോം പ്രതികരിച്ചു.
ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം, അൺപാർലമെന്ററിയായ കാര്യങ്ങളാണ് ചിന്ത ചെയ്യുന്നതെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്‌മെൻറാണിതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. എങ്കിൽ 38 ലക്ഷത്തോളം രൂപ ചിന്ത നൽകേണ്ടി വരും. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനും എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റിലും പരാതി നൽകിയത്.
CPM leader P. K. Sreemathy against BJP state president K. Surendran in the controversial remark against Chinta Jerome.