ലഹരി വിരുദ്ധ പരിപാടിക്ക് പിന്നാലെ പാനൂരിൽ സിപിഎം നേതാക്കൾക്ക് ക്വട്ടേഷൻ സംഘത്തിന്‍റെ പരസ്യ ഭീഷണി
സിപിഎം ചമ്പാട് ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി


കണ്ണൂർ: പാനൂരിൽ സിപിഎം നേതാക്കൾക്ക് ലഹരി ക്വട്ടേഷൻ സംഘങ്ങളുടെ പരസ്യ ഭീഷണി.ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെകൊലവിളി നടത്തിയെന്ന് കാണിച്ച് സിപിഎം ചമ്പാട് ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി.
പന്ന്യന്നൂർ പഞ്ചായത്തിലെ അരയാക്കൂലിൽ ഇക്കഴിഞ്ഞ 18ന് എക്സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നാല് പേരെ കഞ്ചാവുമായി പിടികൂടിയിരുന്നു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ പ്രതികൾ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് സ്ഥലത്തെ പ്രാദേശിക സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തി. ഇതിനെതിരെ 21ന് വൈകിട്ട് പ്രദേശത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഈ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ക്വട്ടേഷൻ തലവൻ ജമ്മീന്റവിട ബിജുവിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘം തടഞ്ഞുനിർത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തന്നാണ് പരാതി . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം ലോക്കൽ സെക്രട്ടറി കെ.ജയരാജനെയും സംഘം ഭീഷണിപ്പെടുത്തി. വാഹനത്തിൽ ആയുധവുമായാണ് സംഘമെത്തിയതൊന്നും സ്ഥലത്തെത്തിയ പൊലീസ് ഈ വാഹനം പരിശോധിക്കാൻ തയ്യാറായില്ലെന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സിപിഎം ആരോപിക്കുന്നു.
അതേസമയം, ഭീഷണിക്ക് പിന്നില്‍ പാർട്ടി തള്ളിപ്പറഞ്ഞ ക്വട്ടേഷൻ സംഘങ്ങളാണെന്ന് സിപിഎം പ്രതികരിച്ചു. കുന്നോത്ത് പറമ്പിലെ ബിജെപി പ്രവർത്തകൻ കെ സി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ബിജു. സിപിഎം പ്രവർത്തകനായിരുന്ന ബിജുവിനെ ക്വട്ടേഷൻ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്ന് നേതൃത്വം പറഞ്ഞു.