യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം; ഷാഫി രാജിവെക്കണമെന്ന് നേതാക്കള്‍

സംസ്ഥാന കമ്മിറ്റിയില്‍ യാതൊരു വിധ കൂടിയാലോചനകളും നടക്കുന്നില്ല. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എന്ന പേരില്‍ കെ.പി.സി.സി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റുവാന്‍ സംഘടന അറിയാതെ ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഗുരുതരമായ തെറ്റാണ്.

Update: 2021-07-29 12:21 GMT
Advertising

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം. ഷാഫി യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചില സ്വന്തക്കാര്‍ക്ക് സംഘടനക്കകത്ത് അനര്‍ഹമായ പ്രമോഷന്‍ നല്‍കി നിയമസഭാ സീറ്റ് നല്‍കിയതുകൊണ്ടാണ് മല്‍സരിച്ച 12 പേരില്‍ 11 പേരും തോറ്റുപോയത്. ഈ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷാജി രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു.

വൈസ് പ്രസിഡന്റിന്റെ പരാജയവും, പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാത്തതുകൊണ്ടാണ്. സംഘടനാ തെരഞ്ഞെടുപ്പ് വഴി വന്ന കമ്മിറ്റിയെ നോക്കുകുത്തിയാക്കി ജംബോ കമ്മിറ്റിക്കെതിരെ പറയുന്ന പ്രസിഡന്റ് ഇതിനകം 79 പേര്‍ക്കാണ് സംഘടനാ നിയമനം നല്‍കിയത്. യൂത്ത് കോണ്‍ഗ്രസിന് മുഴുവന്‍ സമയ പ്രസിഡന്റ് വേണം. സംസ്ഥാന നേതാക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ സമയമില്ലാത്ത പ്രസിഡന്റ്റായി ഷാഫി മാറിയെന്നും വിമര്‍ശനമുണ്ടായി.

സംസ്ഥാന കമ്മിറ്റിയില്‍ യാതൊരു വിധ കൂടിയാലോചനകളും നടക്കുന്നില്ല. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എന്ന പേരില്‍ കെ.പി.സി.സി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റുവാന്‍ സംഘടന അറിയാതെ ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഗുരുതരമായ തെറ്റാണ്. മലപ്പുറം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാടുകാരനായ ചാരിറ്റിക്കാരന് നല്‍കിയത് പേയ്‌മെന്റ് വാങ്ങിയാണോ എന്നും നേതാക്കള്‍ ചോദിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെയും വിമര്‍ശനമുണ്ടായി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞത് അദ്ദേഹത്തിന്റെ കഴിഞ്ഞകാല നിലപാടുകള്‍ക്ക് കടക വിരുദ്ധമായിട്ടാണ്. പൊതുസമൂഹത്തിന് മുന്നില്‍ ഇത് പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News