കുസാറ്റ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയിൽ

സ്കൂൾ ഓഫ് എഞ്ചിനിയറിങ് പ്രിൻസിപ്പാളിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് രജിസ്ട്രാർ അവഗണിച്ചെന്നും ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്

Update: 2023-12-04 08:07 GMT
Advertising

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചു. സ്കൂൾ ഓഫ് എഞ്ചിനിയറിങ് പ്രിൻസിപ്പാളിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് രജിസ്ട്രാർ അവഗണിച്ചെന്നും ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേരളത്തിലെ സർവകലാശാലയിൽ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്.


സർവകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിലുള്ള മാർഗനിർദേശങ്ങൾ അവഗണിച്ചെന്നും ഹരജിയിൽ പറയുന്നുണ്ട്. ഹരജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. കേസിൽ കക്ഷി ചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷ കോടതി അംഗീകരിച്ചു.


കുസാറ്റ് ടെക്‌ഫെസ്റ്റ് അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഫോർട്ട് കൊച്ചി സബ്കലക്ടർ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല. അതേസമയം, സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ വി.സി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.

അപകട കാരണത്തെക്കുറിച്ചും സംഘാടകരുടെയും സർവകലാശാലയുടെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെക്കുറിച്ചും അന്വേഷിച്ച് ഉത്തരവാദികൾ ആരെന്ന് കണ്ടെത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുളള പരിഹാര നിർദേശങ്ങൾ നൽകണമെന്നും ഉത്തരവിൽ പറയുന്നു. കെ കൃഷ്ണകുമാർ കൺവീനറായ സിണ്ടിക്കേറ്റ് ഉപസമിതി പ്രാഥമിക റിപ്പോർട്ട് ഇന്നലെയായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്.


ആരോപണവിധേയരായ പി.കെ ബേബിയെയും റജിസ്ട്രാർ മീരയെയും ഉപസമിതി സംരക്ഷിക്കുന്നുവെന്ന വിമർശനം ശക്തമായതോടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചില്ല. രണ്ട് മാസമായി ഓഡിറ്റോറിയത്തിൻറെ താക്കോൽ കൈവശം വെക്കുന്നത് ഒരു എസ്.എഫ്.ഐ നേതാവാണന്ന വിവരം കൂടി പുറത്തുവന്നതോടെ ഉപസമിതി കൂടുതൽ സമ്മർദത്തിലായി. ഇതു സംബന്ധിച്ച് സർവ്വകലാശാല എഞ്ചിനീയർ, സെക്യൂരിറ്റി ഓഫീസർ തുടങ്ങിയവരിൽ നിന്ന് കൂടി മൊഴിയെടുത്തിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News