സാമ്പത്തിക വിദഗ്ധൻ എം. കുഞ്ഞാമൻ അന്തരിച്ചു

തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2023-12-03 14:43 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സാമ്പത്തിക വിദഗ്‌ധനും ദലിത് ചിന്തകനുമായ ഡോ. എം.കുഞ്ഞാമൻ (മണ്ണ്യമ്പത്തൂർ കുഞ്ഞാമൻ) അന്തരിച്ചു. ഇന്ന് വൈകുന്നേരം തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെ.ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം. 

2021ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് നിരസിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് അവാർഡ് നിരസിച്ചത്. എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ്. ദലിത് ജീവിതത്തെക്കുറിച്ച് ആയിരുന്നു ആത്മകഥയിൽ കുഞ്ഞാമൻ പറഞ്ഞിരുന്നത്. ഇത്തരത്തിലുള്ള ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് നന്ദിപൂർവം അവാർഡ് നിരസിക്കുകയായിരുന്നു.

 അവാർഡുകളുടെയും അംഗീകാരങ്ങളുടെയും പിന്നാലെ പായുന്നവരുടെ ലോകത്ത് താനില്ല എന്ന നിലപാടും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യധാര ഇടതുപക്ഷവുമായി വിയോജിപ്പുകൾ പുലർത്തുന്ന ഒരു ദലിത് ഇടതു ചിന്തകനായാണ് ഡോക്ടർ എം. കുഞ്ഞാമൻ അറിയപ്പെടുന്നത്. ദളിതരുടെ ബന്ധപ്പെട്ട ഇടതുപക്ഷ നയങ്ങളെ പരസ്യമായി തന്നെ എതിർത്തിരുന്ന വ്യക്തിയാണ്. 

 പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയിൽ അയ്യപ്പന്റെയും ചെറോണയുടെയും മകനായി ജനനം. ദാരിദ്ര്യത്തിന്റെതും ജാതി വിവേചനത്തിന്റെയും ദുരിതങ്ങൾ പേറിയാണ് ചെറുപ്പകാലം പിന്നിട്ടത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പാണൻ എന്ന് വിളിച്ച് മാത്രം സംബോധന ചെയ്തിരുന്ന അധ്യാപകനെ എതിർത്ത് സ്‌കൂളിന്റെ പടിയിറങ്ങിയതിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. താൻ സ്‌കൂളിൽ വരുന്നത് കഞ്ഞി കുടിക്കാനല്ല പഠിക്കാനാണ് എന്ന നിലപാട് എക്കാലവും ഓർമ്മിക്കപ്പെടും. 

ആത്മവിശ്വാസത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് എം.എ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം സിഡിഎസിൽ നിന്ന് എം.ഫിലും കൊച്ചിൻ സർവകലാശാലയിൽ നിന്ന് പി.എച്ച്ഡിയും നേടി. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. 

 ഡവലപ്മെന്റ് ഓഫ് ട്രൈബൽ ഇക്കോണോമി, സ്റേറ്ട് ലെവൽ പ്ലാനിംഗ് ഇൻ ഇന്ത്യ, എക്കണോമിക് ഡെവലൊപ്മെന്റ് ആൻഡ് സോഷ്യൽ, ഗ്ലോബലൈസേഷൻ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News