'നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണം'; വിഴിഞ്ഞം സമരത്തിൽ സർക്കാറിനെ പിന്തുണച്ച് നിർമാണ കമ്പനി
'സമരം മൂലം 100 കോടി രൂപ നഷ്ടമുണ്ടായി'
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ സർക്കാറിനെ പിന്തുണച്ച് നിർമാണ കമ്പനി. നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാണ കമ്പനിയായ വിസിൽ സർക്കാരിന് കത്ത് നൽകി.
വെള്ളിയാഴ്ചയാണ് സർക്കാറിന് വിസിൽ കത്ത് നൽകിയത്. ഇതുവരെ 100 കോടി രൂപ ഇതുവരെ നഷ്ടമുണ്ടായതായി വിസിൽ കത്തിൽ വ്യക്തമാക്കി. നഷ്ടത്തിന്റെ പൂർണ ഉത്തരവാദിത്തം അതിരൂപതക്കെന്നും വിസിലിന്റെ കത്തിൽ പറയുന്നു.
വിഴിഞ്ഞം തുറമുഖത്തിന്‍റെ പണി അടുത്ത വർഷം പൂർത്തിയാക്കാനാകുമോയെന്നതിൽ സംശയമുണ്ടെന്നും അദാനി ഗ്രൂപ്പ് കഴിഞ്ഞദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. 53 ദിവസമായി പണി നിലച്ചിട്ടെന്നും ഇതുമൂലം 100 കോടി രൂപയാണ് നഷ്ടമെന്നും അദാനി സർക്കാരിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരസമിതിയുടെ പന്തൽ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിനിടെ വിഴിഞ്ഞത്തെ തീരശോഷണം പഠിക്കാനായി വിദഗ്ധ സമിതിയെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. സമരസമിതി പ്രതിനിധികളെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്ന് ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് കോടതിയിൽ ഹരജി നൽകിയത്. പൊലീസ് നിസ്സഹായരാണെന്ന് ഹരജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ സമരപ്പന്തൽ പൊളിച്ചുനീക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.