അമ്മക്ക് വേണ്ടിയുള്ള മകളുടെ ഒറ്റയാൾ പോരാട്ടം വിജയത്തിലേക്ക്; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്

ചികിത്സിച്ച ഡോക്ടർക്ക് പിഴവ് പറ്റിയെന്ന് കണ്ടെത്തിയെന്നും ഡോക്ടർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്

Update: 2023-08-11 01:23 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: അമ്മയുടെ മരണത്തിൽ നീതിക്കായുളള മകളുടെ ഒറ്റയാൾ പോരാട്ടം വിജയത്തിലേക്ക്. ചികിത്സാപിഴവ് മൂലം അമ്മ മരിച്ചുവെന്ന എറണാകുളം ആലുവ സ്വദേശിയുടെ പരാതിയിൽ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിക്കെതിരെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുടെ റിപ്പോർട്ട്. സെന്റ് ജെയിംസ് ആശുപത്രിക്കെതിരെയും കളമശേരി മെഡിക്കൽ കോളജിനെതിരെയുമായിരുന്നു കുടുംബത്തിന്റെ പരാതി.

ആലുവ പുറയാർ സ്വദേശി സുശീല ദേവിയുടെ മരണത്തിൽ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ചികിത്സിച്ച ഡോക്ടർക്ക് പിഴവ് പറ്റിയെന്ന് കണ്ടെത്തിയെന്നും ഡോക്ടർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം അഡീഷണൽ ഡയറക്ടർ സംസ്ഥാന മെഡിക്കൽ കൗൺസിലിനാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

2022 മാർച്ചിലാണ് സുശീല ദേവിയെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വച്ച് ആഹാരം നൽകാനായി ഇട്ട റയൽസ് ട്യൂബ് ശ്വാസകോശത്തിലേക്ക് കടന്നതാണ് ആരോഗ്യ നില വഷളായതെന്ന് ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പിന്നീട് കളമശേരി മെഡിക്കൽ കോളജിലെത്തിച്ച സുശീല ദേവി ദിവസങ്ങൾക്കകം മരിച്ചു. സെന്റ് ജെയിംസിലെ വീഴ്ച കളമശേരി മെഡിക്കൽ കോളജ് അധികൃതർ മറച്ചുവെച്ചുവെന്നും ചികിത്സിച്ച ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തിയെന്നുമാണ് കളമശേരി മെഡിക്കൽ കോളജിനെതിരെ ഉയർന്ന പരാതി. ഈ വിഷയത്തിലും അന്വേഷണം തുടരുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News