നേതാക്കൾക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കണം; കത്ത് നൽകി എ ഗ്രൂപ്പ്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവരെ തിരിച്ചെടുക്കണമെന്ന് കെപിസിസി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നു

Update: 2023-10-08 09:08 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പല ഘട്ടങ്ങളായി നേതാക്കൾക്കെതിരായി എടുത്ത അച്ചടക്കനടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്  എ ഗ്രൂപ്പ് കെപിസിസി നേതൃത്വത്തിന് കത്ത് നൽകി. പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,  പത്തനംതിട്ട മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സജി പി ചാക്കോ, കെ.പി.സി.സി മുൻ സെക്രട്ടറി എം.എ ലത്തീഫ് അടക്കം ഉള്ളവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. കെ.സി.ജോസഫും ബെന്നി ബെഹനാനുമാണ് കത്ത് നൽകിയത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സുൽത്താൻ ബത്തേരിയിൽ നടന്ന കോൺഗ്രസ് ക്യാമ്പിലും കഴിഞ്ഞ രാഷ്ട്രീയ സമിതി യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. രേഖാമൂലം ആവശ്യം ഉന്നയിക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയിരിക്കുന്നത്. ഈ ആവശ്യം കെ.പി.സി.സി അംഗീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും അധിക്ഷേപിച്ചതും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയും പരിഗണിച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ വിശ്വസ്തനായിരുന്ന എം.എ ലത്തീഫിനെ പുറത്താക്കിയിരുന്നത്. ഡി.സി.സി പ്രസിഡന്റിന്റെ വാതിൽ ചവിട്ടിത്തുറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന്റെ പേരിലാണ് പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് നടപടി നേരിട്ടിരുന്നത്. മല്ലപ്പള്ളി കാർഷിക വികസന ബാങ്കിലെ പ്രശ്‌നങ്ങളിൽ പാർട്ടി നിർദേശം മറികടന്നതിനായിരുന്നു സജി പി ചാക്കോ അച്ചടക്ക നടപടി നേരിട്ടത്. ഇവരെല്ലാം എ ഗ്രൂപ്പിന്റെ അതാത് ജില്ലയിലെ പ്രധാന നേതാക്കളായതുകൊണ്ടാണ് തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News