"ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായാല്‍ മാത്രം പോര, ഇതുകൂടി ശ്രദ്ധിക്കൂ..": ഡോ ഷിംന അസീസ്

"ചെറിയൊരു അബദ്ധം പറ്റി ഡോക്ടറേ.." എന്നു പറഞ്ഞെത്തിയ ഒരാളുടെ അനുഭവമാണ് ഡോ ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചത്

Update: 2021-05-10 09:49 GMT
Editor : Suhail | By : Web Desk
Advertising

മുന്‍പിന്‍ നോക്കാതെ എടുത്ത് ചാടി നടത്തുന്ന കോവിഡ് ടെസ്റ്റിന്‍റെ റിസല്‍റ്റ് നെഗറ്റീവായതിന്റെ പേരില്‍ ജാഗ്രത കുറവ് വരുത്താന്‍ പാടില്ലെന്നും, അതിന് കൊടുക്കേണ്ടി വരിക വലിയ വിലയായിരിക്കുമെന്നും ഡോ ഷിനം അസീസ്. രോഗ ഭീതി മാറുന്ന കാലത്ത് ടെന്‍ഷനില്ലാതെ പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാമെന്നും, അതുവരേക്കും ആരെയും അപകടത്തില്‍ പെടുത്താതിരിക്കാമെന്നും ഷിംന അസീസ് ഫേസ്ബുക്കില്‍ എഴുതിയ അനുഭവ കുറിപ്പിലൂടെ വ്യക്തമാക്കി.

"ചെറിയൊരു അബദ്ധം പറ്റി ഡോക്ടറേ.." എന്ന് പറഞ്ഞ് എത്തിയ ഒരാളുടെ അനുഭവമാണ് ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചത്. കോവിഡ് സമ്പര്‍ക്കമുണ്ടായി രണ്ട് ദിവസത്തിനുള്ളില്‍ ചെയ്ത ആദ്യ ആര്‍.ടി പി.സി.ആര്‍ റിസല്‍ട്ട് നെഗറ്റീവായ സന്തോഷത്തില്‍ വീട്ടില്‍ പ്രയമായ മാതാപിതാക്കളുടെ അടുത്ത് ചെന്ന് കിടന്ന അദ്ദേഹം, പിന്നീട് ടെസ്റ്റ് ചെയ്തപ്പോള്‍ ഫലം പോസിറ്റീവ് ആവുകയായിരുന്നു. ആരെങ്കിലും പോസിറ്റീവ് ആയെന്ന് കേട്ടാല്‍ സമ്പര്‍ക്കമുള്ളവര്‍ ഉടനെ ടെസ്റ്റ് ചെയ്യുകയ്യല്ല, അഞ്ച് ദിവസത്തെ ക്വാറന്റെയിന് ശേഷമാണ് ടെസ്റ്റ് നടത്തേണ്ടതെന്നും ഡോക്ടര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

"എനിക്കൊരബദ്ധം പറ്റി ഡോക്ടറേ... വീട്ടിൽ പ്രായമുള്ള അച്‌ഛനുമമ്മയും ഉണ്ട്‌. RT-PCR നെഗറ്റീവ് കിട്ടിയ സന്തോഷത്തിൽ ഞാനവരുടെ അടുത്തൊക്കെ പോയി കിടന്നിരുന്നു. അന്ന്‌ എനിക്ക്‌ യാതൊരു വിധ ലക്ഷണങ്ങളും ഇല്ലായിരുന്നു താനും."

പോസിറ്റീവ്‌ ആയ ആളുമായി സമ്പർക്കമുണ്ടായി കേവലം രണ്ട്‌ ദിവസം കഴിഞ്ഞ്‌ ചെയ്‌ത ടെസ്‌റ്റിനെ വിശ്വസിച്ച്‌ നെഗറ്റീവ്‌ സ്‌റ്റാറ്റസ്‌ വീട്ടുകാരുമായി ആഘോഷിച്ച സുഹൃത്ത്‌ ഇപ്പോൾ സ്വന്തം വയ്യായ്‌കയേക്കാൾ ആശങ്കപ്പെടുന്നത്‌ ചെയ്യാനിരിക്കുന്ന മാതാപിതാക്കളുടെ കോവിഡ്‌ ടെസ്‌റ്റിന്റെ റിസൽറ്റിനെ ഓർത്താണ്‌. ഈ സംഭാഷണം കഴിഞ്ഞ്‌ ഇത്തിരി കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ അടുത്ത ഒറ്റവരി സന്ദേശമെത്തി -"ഇന്നത്തെ ടെസ്‌റ്റിൽ പോസിറ്റീവ് ആയി..."

ആരെങ്കിലും പോസിറ്റീവ് ആയെന്ന്‌ കേട്ടാലുടൻ ഓടിപ്പോയി ചെക്ക്‌ ചെയ്‌തിട്ട്‌ കാര്യമില്ല. സമ്പർക്കം ഉണ്ടായി 5 ദിവസത്തിന്‌ ശേഷമാണ്‌ കോവിഡ്‌ ടെസ്‌റ്റ്‌ ചെയ്യേണ്ടത്‌. അത്‌ വരെ ക്വാറന്റീനിൽ പോകണം. അതാണ്‌ ശരിയായ രീതി.

ഇത്‌ കൂടാതെ, നമ്മൾ രോഗം സംശയിച്ച്‌ ടെസ്‌റ്റ്‌ ചെയ്‌താലും ഇല്ലെങ്കിലും കുറച്ച്‌ കാലത്തേക്ക്‌ താഴെ പറയുന്ന കാര്യങ്ങൾ എല്ലാവരുമൊന്ന്‌ മനസ്സിൽ വെക്കണം.

കോവിഡ്‌ രോഗം ബാധിച്ചാൽ ജീവാപായം സംഭവിക്കാൻ സാധ്യതയുള്ള ആരെങ്കിലും വീട്ടിലുണ്ടെങ്കിൽ യാതൊരു കാരണവശാലും അവരുടെ പരിസരത്തേക്ക്‌ പോവരുത്‌. അച്‌ഛനെയും അമ്മയേയും കുഞ്ഞുമക്കളേയും ഒക്കെ ഈ എടങ്ങേറ്‌ പിടിച്ച നാളുകൾക്ക്‌ ശേഷം മാത്രം ശാരീരികമായി ചേർത്ത്‌ പിടിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരും രോഗിയായിരിക്കാം, ആരിൽ നിന്നും രോഗം പകരാം. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരെ രോഗികളാക്കരുത്‌.

"എനിക്കൊരു കുഴപ്പവുമില്ല" എന്ന്‌ കരുതരുതേ. നിലവിൽ ആരും രോഗവാഹകരല്ല എന്നുറപ്പിക്കാനാവില്ല. ലക്ഷണങ്ങളുണ്ടാവമെന്ന്‌ പോലുമില്ല. അത്ര ഭീകരമായ രീതിയിൽ രോഗം സമൂഹത്തിൽ പിടിമുറുക്കിക്കഴിഞ്ഞു.

രണ്ടാഴ്‌ചയിലൊരിക്കൽ വീട്ടിൽ ചെല്ലുമ്പോൾ പോലും ഈ ബോധത്തോടെയാണ്‌ ആറുവയസ്സുകാരി മകളോടും പ്രായമായ ഉപ്പയോടും ഉമ്മയോടുമൊക്കെ ഇടപെടുന്നത്‌. മനസ്സമാധാനത്തോടെ അവരെയൊക്കെയൊന്ന്‌ ചേർത്ത്‌ പിടിച്ച കാലം മറന്നു. ഏറെ ശ്രദ്ധിക്കണം, എല്ലാവരും.

ഭയപ്പെടുത്തലല്ല, ഓർമ്മപ്പെടുത്തലാണ്‌.

അവർക്കൊക്കെ വല്ലതും വന്നാൽ എങ്ങനെ സഹിക്കാനാണ്‌...

"എനിക്കൊരബദ്ധം പറ്റി ഡോക്ടറേ... വീട്ടിൽ പ്രായമുള്ള അച്‌ഛനുമമ്മയും ഉണ്ട്‌. RT-PCR നെഗറ്റീവ് കിട്ടിയ സന്തോഷത്തിൽ ഞാനവരുടെ...

Posted by Shimna Azeez on Sunday, May 9, 2021

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News