വയനാട്ടിൽ സ്വകാര്യ റിസോർട്ടിലെ ലഹരി പാർട്ടി; അന്വേഷണം ഊർജിതമാക്കി പൊലീസ്
ഒത്തുകൂടലിന് പിന്നിൽ മറ്റെന്തെങ്കിലും അജണ്ടകളുണ്ടോയെന്നും കൂടുതൽ ഗുണ്ടാനേതാക്കൾ പങ്കെടുത്തിരുന്നോ എന്നും അന്വേഷിക്കും
വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ നടന്ന ലഹരി പാർട്ടിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒത്തുകൂടലിന് പിന്നിൽ മറ്റെന്തെങ്കിലും അജണ്ടകളുണ്ടോയെന്നും കൂടുതൽ ഗുണ്ടാനേതാക്കൾ പങ്കെടുത്തിരുന്നോ എന്നുമാണ് പരിശോധിക്കുന്നത്. സംസ്ഥാനത്തെ പല പ്രധാന ഗുണ്ടാ നേതാക്കളെയും ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിലാണ് തിങ്കളാഴ്ച രാത്രി സംഘം മയക്കുമരുന്ന് പാർട്ടി നടത്തിയത്. പിടിയിലായവരിൽ കിർമാണി മനോജും വയനാട് സ്വദേശി മുഹ്‌സിനുമാണ് അറിയപ്പെടുന്ന കുറ്റവാളികളെങ്കിലും മുമ്പ് പല കുറ്റകൃത്യങ്ങളിലും പ്രതികളായിരുന്നവരാണ് ലഹരിമരുന്ന് പാർട്ടിയിൽ ഒത്തുചേർന്നവരെല്ലാം. സ്വർണക്കടത്ത് അടക്കം പ്രധാനപ്പെട്ട കേസുകളിലെ പ്രതികളെ മാരക ലഹരിമരുന്ന് വിളമ്പിയ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. റിസോർട്ടിൽ പൊലീസ് പരിശോധന നടക്കുന്നതിനിടെ ചിലർ ഇറങ്ങിയോടിയെന്നാണ് വിവരം. ഇത്തരം കാര്യങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കുകയാണ്.
ജില്ലയിൽ സമീപ ദിവസങ്ങളിൽ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. പടിഞ്ഞാറത്തറയിലെ ലഹരി പാർട്ടിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ രാത്രികാല പെട്രോളിങ്ങും പരിശോധനയും കർശനമാക്കാനാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം.