തൊട്ടാൽ ചത്തുപോകുന്ന അവസ്ഥയിലാണ് എം.കെ മുനീർ എന്ന് ഡിവൈഎഫ്‌ഐ നേതാവ്
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ മഹറൂഫാണ് എം.കെ മുനീർ എംഎൽഎയുടെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ അധിക്ഷേപിച്ചത്.
കൊടുവള്ളി: കൊടുവള്ളി എംഎൽഎ എം.കെ മുനീറിനെതിരെ അധിക്ഷേപ പരാമർശവുമായി ഡിവൈഎഫ്‌ഐ നേതാവ്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ മഹറൂഫാണ് മുനീറിനെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. തൊട്ടാൽ ചത്തുപോകുന്ന അവസ്ഥയിലാണ് എം.കെ മൂനീറെന്നും സിപിഎം നേതൃത്വം പറഞ്ഞാൽ എംഎൽഎ ഓഫീസ് തന്നെ ഇടിച്ചു നിരത്തുമെന്നും അദ്ദേഹം പറഞ്ഞു.
''ബ്ലോക്ക് പഞ്ചായത്ത് മെമ്പറെന്ന നിലയിൽ എം.കെ മുനീറിനൊപ്പം ചെറിയ പരിപാടിക്കൊക്കെ എനിക്ക് പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. സ്റ്റേജിൽ കയറണമെങ്കിൽ പത്താളുടെ സഹായം വേണം. ഒരു മിനിറ്റ് സ്റ്റേജിൽനിന്ന് സംസാരിക്കണമെങ്കിൽ രണ്ടാളുടെ തോളിൽ തൂങ്ങണം. ഒരു മൊമന്റോ കൈമാറണമെങ്കിൽ നാലാളുടെ സഹായം വേണം. ഓക്‌സിജൻ സിലിണ്ടറും ഓക്‌സിജൻ മാസ്‌കും വണ്ടിയിൽ കരുതി യാത്ര ചെയ്യാണ്. എണീറ്റ് നടക്കാൻ ആവുന്നില്ല, തൊട്ടാൽ ചത്തുപോകും. ഈ എംഎൽഎ ഓഫീസ് അങ്ങ് നിരത്തിക്കളയാൻ ഡിവൈഎഫ്‌ഐക്ക് അറിയാഞ്ഞിട്ടല്ല. ഇവിടെ നിൽക്കുന്ന നാല് പൊലീസുകാരെ പേടിച്ചിട്ടുമല്ല. ഞങ്ങളുടെ നേതൃത്വം ആഹ്വാനം ചെയ്താൽ ലൈഫ് ബോയിയുടെ പരസ്യം പോലെ ഒരു പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാനെന്ന് മുനീർ മനസ്സിലാക്കിക്കോളണം. കോഴിക്കോട് സൗത്തിലെ വോട്ടർമാർ ഇവിടെ കൊണ്ടുവന്നിറക്കരുതെന്ന് പറഞ്ഞതുകൊണ്ട് കൊടുവള്ളി കൊണ്ടുവന്ന് തള്ളിയതാണ്. ഇതോട് കൂടി തീരുമെന്ന് ഞങ്ങൾ കരുതുകയാണ്'' - മഹ്‌റൂഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിൽ എം.കെ മുനീർ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെന്റർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ച് പരാമർശിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ സാരിയുടുക്കുമോ എന്ന് മുനീർ ചോദിച്ചിരുന്നു. കാറൽ മാർകസ്, ലെനിൻ അടക്കമുള്ളവർക്കെതിരെയും മുനീർ വിമർശനമുന്നയിച്ചിരുന്നു.