ഇലന്തൂർ നരബലി: പത്മയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി; സംസ്കാരം ഇന്ന്

ഒരുമാസം നീണ്ട ശാസ്ത്രീയ പരിശോധനകൾക്ക് ഒടുവിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കിയത്

Update: 2022-11-20 06:26 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: ഇലന്തൂർ നരബലിക്കിരയായ പത്മയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. മൃതദേഹം ഇന്ന് തന്നെ ധർമ്മപുരിയിലേക്ക് കൊണ്ടുപോകുമെന്ന് പത്മയുടെ മകൻ ശെൽവരാജ് പറഞ്ഞു. വൈകുന്നേരം അവിടെ സംസ്‌കാരം നടത്തുമെന്നും മകൻ അറിയിച്ചു. ഡിഎൻഎ പരിശോധന പൂർത്തിയായ ശേഷമാണ് മൃതദേഹങ്ങൾ കൊല്ലപ്പെട്ട പത്മയുടേതും റോസ്‌ലിൻറേതുമാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൻ മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്ത് നൽകിയിരുന്നു.

ഒരുമാസം നീണ്ട ശാസ്ത്രീയ പരിശോധനകൾക്ക് ഒടുവിലാണ് പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കിയത്. മൃതദേഹം വെട്ടിമുറിക്കപ്പെട്ടതിനാൽ എല്ലാ ഭാഗങ്ങളുടേയും ഡിഎൻഎ പരിശോധന പ്രത്യേകം പ്രത്യേകം ചെയ്യേണ്ടി വന്നു. ഇതാണ്  കാലാതാസത്തിന് കാരണമായത്. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹവാശിഷ്ടങ്ങൾ കടവന്ത്ര പൊലീസ് എത്തിയാണ് പത്മത്തിന്റെ കുടുംബത്തിന് കൈമാറിയത്. പത്മയുടെ മക്കളായ സേട്ടും സെൽവരാജും സഹോദര പളനിയമ്മ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി.

അതേസമയം, മരിച്ച റോസിലിന്റേതെന്ന് കരുതുന്ന മൃതദേഹം ഇന്ന് വിട്ട് നല്കിയിട്ടില്ല. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കുകയൊള്ളൂ. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം രണ്ട് ദിവസമെടുത്താണ് കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയാക്കിയത്. തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്.

കൊച്ചി പൊന്നുരുന്നിയിൽ താമസിച്ചിരുന്ന പത്മ( 52) തമിഴ്നാട് സ്വദേശിനിയാണ്. കൊച്ചി ചിറ്റൂർ റോഡിൽ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു ഇവർ. സെപ്റ്റംബർ 26 നാണ് പത്മയെ കാണാതാകുന്നത്. ഈ കേസിൽ നടന്ന അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച ഇരട്ടനരബലി പുറത്തുകൊണ്ടുവന്നത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പൊലീസിനെ ഇലന്തൂരിൽ എത്തിച്ചത്.

കഴിഞ്ഞ ജൂൺ ആദ്യവാരവും സെപ്തംബർ അവസാന ആഴ്ചയിലുമായിട്ടാണ് കൊലപാതകങ്ങൾ നടന്നത്. ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News