കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി പ്രമുഖര്‍; കേരളാ മുഖ്യമന്ത്രി തിരക്കുകള്‍ മാറ്റിവെച്ച് സമരം ചെയ്യുന്നെന്ന് അരവിന്ദ് കെജ്‌രിവാൾ
ഒരുമിച്ച് നിന്നില്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് നമ്മളെ ഒരുമിപ്പിക്കുന്നത് ഫറൂഖ് അബ്ദുള്ള
ന്യൂഡൽഹി: കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡൽഹിയിൽ നടത്തുന്ന കേരളത്തിന്റെ പ്രതിഷേധത്തിൽ പിന്തുണയുമായി പ്രമുഖർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ,പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ,കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്‌നാട് മന്ത്രിപളനിവേൽ ത്യാഗരാജൻ തുടങ്ങിയവർ പ്രതിഷേധത്തിന് പിന്തുണയുമായെത്തി.
ഇന്ന് രാവിലെ പത്തേ മുക്കാലോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളഹൗസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ സിപിഎം,സിപിഐ ജനറൽ സെക്രട്ടറിമാരും ഡി.എം.കെ നേതാക്കളും പങ്കെടുത്തു. കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാ ജോലിയും മാറ്റി വച്ച് ഇവിടെ സമരം ചെയ്യുകയാണെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. 'സർക്കാർ ചൂഷണത്തിനെതിരെ സമരം ചെയ്യുന്ന വേദിയാണ് ജന്തർമന്തർ. കേന്ദ്രം പ്രതിപക്ഷ സർക്കാരുകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..'അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾ ശക്തിപ്പെടാതെ രാജ്യം ശക്തിപ്പെടില്ലെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. 'പ്രതിപക്ഷം ഒറ്റകെട്ടായി പോരാടണം. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്. ഒരുമിച്ച് നിന്നില്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് നമ്മളെ ഒരുമിപ്പിക്കുന്നത്.മതത്തിന്റെ പേരിൽ എത്ര കാലം ഞങ്ങളെ നിങ്ങൾ ഭിന്നിപ്പിക്കും. രാജ്യം ശക്തമാക്കണമെങ്കിൽ പ്രതിപക്ഷത്തെ ശത്രുവായി കണക്കാക്കാതിരിക്കുക..'അദ്ദേഹം പറഞ്ഞു.
'കേന്ദ്ര സർക്കാർ ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് ഐ.ടി മന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു.കേന്ദ്രസർക്കാർ എല്ലാവർഷവും കടമെടുപ്പ് പരിധി കുറയ്ക്കുന്നു.ജനാധിപത്യവിരുദ്ധ നടപടിയാണ് കേന്ദ്രസർക്കാർ നടത്തുന്നത്'...അവകാശങ്ങൾക്കായി ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു.