പ്രവാസിയുടെ കൊലപാതകം; അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി
പ്രതികളുമായി ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തും
പാലക്കാട്: അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതികളുമായി ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തും. നെടുമ്പാശേരി, പാണ്ടിക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക.
അബ്ദുൽ ജലീലിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പേരുൾപ്പെടെ കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചു പേരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ജലീലിനെ നെടുമ്പാശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന്, വിവിധയങ്ങളിൽ വെച്ച് മർദിചെന്നാണ് പ്രതികളുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുക.
ഈ മാസം പതിനഞ്ച് മുതൽ പതിനെട്ട് വരെയുള്ള ദിവസങ്ങളിൽ ലോഡ്ജുകളിലും പ്രതികളുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റുകളിലും എത്തിച്ചാണ് അബ്ദുൽ ജലീലിനെ മർദ്ദിച്ചത്. ദേഹമാസകലം ആയുധങ്ങൾ ഉപയോഗിച്ച് മുറിപ്പെടുത്തിയിരുന്നു. പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. ജലീലിന്റെ മൊബൈൽ ഫോണും ജിദ്ദയിൽ നിന്നും കൊണ്ടുവന്ന ലഗേജും മറ്റു വസ്തുക്കൾ ഉൾപ്പെടെയുള്ളവയും കണ്ടെടുക്കേണ്ടതുണ്ട്. ജലീലിനെ മർദിച്ച സ്ഥലങ്ങളിൽ തെളിവ് ശേഖരിക്കുന്നതോടൊപ്പം നെടുമ്പാശേരിയിലും തെളിവെടുത്തേക്കും . കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയായ യഹിയയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇതുവരെ ഒൻപത് പേരാണ് പിടിയിലായത്. വിദേശത്തേക്ക് കടന്ന രണ്ടു പ്രതികൾക്കു വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും പ്രതികളെ സഹായിച്ചവരുൾപ്പെടെ കൂടുതൽ അറസ്റ്റ് ഉണ്ടകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.