'വേസ്റ്റ് കത്തിക്കുന്ന പുകയാണെന്നാണ് ആദ്യം കരുതിയത്, തൊട്ടുപിന്നാലെ ട്രെയിനില്‍ നിന്ന് തീ ആളിക്കത്തി'; ദൃക്സാക്ഷി
'എൻജിനിൽ നിന്ന് വേർപെടുത്തിയതുകൊണ്ട് ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത ഇല്ല'
കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ട ട്രെയിൻ ബോഗിക്ക് തീപിടിച്ചത് ആദ്യം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ദൃക്‌സാക്ഷികൾ. 'വേസ്റ്റ് കത്തിക്കുന്ന പുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് തീ ആളിപ്പടർന്നു.. ഈ സമയത്താണ് ബോഗിക്ക് തീപിടിച്ചതാണ് എന്ന് മനസിലായതെന്ന് റെയിൽവെ പോർട്ടറായ ജോര്‍ജ് മീഡിയവണിനോട് പറഞ്ഞു.
'ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. സ്റ്റേഷൻ മാസ്റ്റർ ആർ.പി.എഫിനെയും പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചു. ഫയർഫോഴ്‌സ് ഉടൻ എത്തിയാണ് തീയണച്ചത്.പെട്ടന്ന് തീയണച്ചതുകൊണ്ട് മറ്റ് കോച്ചുകളിലേക്ക് തീപടര്‍ന്നില്ല.. 'അദ്ദേഹം പറഞ്ഞു.
'തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കുറവാണ്. എൻജിനിൽ നിന്ന് വേർപെടുത്തിയതുകൊണ്ട് ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത ഇല്ല. ബോഗിയുടെ ഉള്ളിൽ നിന്നാണ് തീ വന്നത്. ആരോ മനപ്പൂർവം തീയിടാനാണ് സാധ്യത. വെറുതെ ഒരു രസത്തിന് ആരും തീയിടില്ലല്ലോ.ഈ ഭാഗത്ത് സ്ഥിരമായി ട്രെയിൻ നിർത്തുന്നതാണ്. രാത്രി പത്തേമുക്കാലിനാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. 12 മണിയോടെയാണ് മറ്റൊരു ട്രാക്കിലേക്ക് ട്രെയിൻ മാറ്റിയിടുന്നത്. അതിന് തൊട്ടുപിന്നാലെ തന്നെ തീപിടിച്ചിട്ടുണ്ടാകണം...' ജോര്‍ജ് പറയുന്നു.
ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ ബോഗിയാണ് കത്തിനശിച്ചത്. പുലർച്ചെ ഒന്നര മണിയോടെയാണ് തീപിടിത്തമുണ്ടായത്. അട്ടിമറി സാധ്യത റെയിൽവെ സംശയിക്കുന്നുണ്ട്. ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയിൽ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണിത്. മൂന്നാം പ്ലാറ്റ്‌ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോൾ ട്രെയിനിൽ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്.
ട്രെയിൻ സർവീസ് നടത്തുന്ന ട്രാക്കിൽ അല്ല സംഭവം എന്നതിനാൽ തീപിടിത്തം അറിയാൻ അൽപ്പം വൈകി. തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. മറ്റ് ബോഗികളിലേക്ക് തീപടരും മുൻപ് ഫയർഫോഴ്‌സെത്തി തീ പൂർണമായി അണച്ചു. ഷോർട്ട് സർക്യൂട്ടാണോ അതോ ആരെങ്കിലും ട്രെയിനിന് തീയിട്ടതാണോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. ഫോറൻസിക് സംഘത്തിൻറെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.
കോഴിക്കോട് എലത്തൂരിൽ തീവെച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്‌സ്പ്രസായി സർവീസ് നടത്തേണ്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.