'ക്രിയ'ക്കൊപ്പം ഫൈസൽ ശബാന ഫൗണ്ടേഷനും ഓപ്പണും; കേരളത്തിലെ ആദ്യ സൗജന്യ സിവിൽ സർവ്വീസ് അക്കാദമി പെരിന്തൽമണ്ണയിൽ
ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള അക്കാദമിയിൽ ജൂലായ് രണ്ടാം വാരത്തിൽ ക്ലാസ് തുടങ്ങും
മലപ്പുറം: നജീബ് കാന്തപുരം എം.എൽ.എ തന്റെ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന 'ക്രിയ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണയിൽ സിവിൽ സർവ്വീസസ് അക്കാദമി ആരംഭിക്കുന്നു. കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗജന്യ സിവിൽ സർവ്വീസ് അക്കാദമിയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ആരംഭിക്കുന്ന സ്ഥാപനമെന്ന് നജീബ് കാന്തപുരം എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലബാർ മേഖലയിലെ സിവിൽ സർവ്വീസ് തൽപരരായ വിദ്യാർഥികൾക്ക് വേണ്ടിയാണ് റെസിഡൻഷ്യൽ കോച്ചിംഗുമായി അക്കാദമി സജ്ജമാക്കുന്നത്. പതിറ്റാണ്ടുകളായി പെരിന്തൽമണ്ണയിലെ വിദ്യാഭ്യാസ രംഗത്ത് മികവാർന്ന പാരമ്പര്യമുള്ള ഐ.എസ്.എസ് എഡ്യുക്കേഷണൽ സൊസൈറ്റിയാണ് സിവിൽ സർവ്വീസ് അക്കാദമിക്ക് വേണ്ടി സ്ഥലം വിട്ട് നൽകിയത്. പെരിന്തൽമണ്ണ പാതായിക്കരയിലുള്ള ഐ.എസ്.എസ് കാമ്പസിലാണ് സിവിൽ സർവ്വീസസ് അക്കാദമി പ്രവർത്തന സജ്ജമാവുന്നത്. അക്കാദമിക്ക് വേണ്ടി ആധുനിക രീതിയിലുള്ള വിശാലമായ ക്ലാസ് റൂമുകൾ, ലൈബ്രറി ആന്റ് റീഡിംഗ് റൂം, കോൺഫറൻസ് ഹാൾ, ഡിസ്‌കഷൻ റൂം, സ്റ്റുഡിയോ, എന്നിവ ഒരുക്കും.
വിവിധ രാജ്യങ്ങളിൽ വിദ്യാഭ്യാസ, സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, കോഴിക്കോട് നടക്കാവ് ഹൈസ്‌കൂൾ അടക്കം കേരളത്തിലെ വിവിധ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ഫൈസൽ ആന്റ് ശബാനാ ഫൗണ്ടേഷൻ ഈ പദ്ധതിയുടെ പ്രധാന പങ്കാളിയാണ്. കഴിഞ്ഞ ദിവസം ദുബൈയിൽ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ കൊട്ടിക്കോളനും നജീബ് കാന്തപുരം എം.എൽ.എയും ഇത് സംബന്ധമായി ചർച്ച നടത്തുകയും ധാരണയാവുകയും ചെയ്തു. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യയിലെ ആദ്യ നിയോബാങ്കിംഗ് കമ്പനിയും കേരളത്തിൽ നിന്നുള്ള ആദ്യത്തെ യൂണികോൺ സ്ഥാപനവുമായ ഓപണും അക്കാദമിയുമായി സഹകരിക്കാൻ ധാരണയായിട്ടുണ്ട്.
സിവിൽ സർവ്വീസ് തൽപരരായ നൂറു വിദ്യാർഥികൾക്കാണ് ഓരോ വർഷവും പ്രവേശനം നൽകുക. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരിൽ നിന്ന് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തി മികവ് പുലർത്തുന്നവർക്കാണ് പ്രവേശനം നൽകുക. എസ്.സി, എസ്.ടി, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾ, അംഗ പരിമിതർ, ട്രാൻസ് ജെന്റർ വിഭാഗങ്ങൾക്ക് വെയ്റ്റേജ് നൽകും. പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്കും മലപ്പുറം ജില്ലയിൽ നിന്നുള്ളവർക്കും പ്രത്യേക പരിഗണനയുണ്ടാകുമെന്നും നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
അക്കാദമി പ്രവർത്തനമാരംഭിക്കുന്നതിന്റെ മുന്നോടിയായി മെയ് 14 നു പെരിന്തൽമണ്ണയിൽ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ അരുണ സുന്ദരരാജൻ ഐ.എ.എസ്, മുഹമ്മദ് ഹനീഷ് ഐ.എ.എസ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് എഴുത്ത് പരീക്ഷയും അഭിമുഖവും നടക്കും. ജൂലൈ രണ്ടാം വാരം ക്ലാസ് ആരംഭിക്കും. സിവിൽ സർവ്വീസ് വഴി മലബാറിലെ വിദ്യാർഥികളെ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാക്കുകയും സിവിൽ സർവ്വീസ് രംഗത്തേക്ക് ഉയർത്തുന്നതോടൊപ്പം പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുക കൂടിയാണ് അക്കാദമിക്ക് നേതൃത്വം നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
മേൽ സൂചിപ്പിച്ച ആറു ജില്ലകളിൽ നിന്നുള്ള ബിരുദം പൂർത്തിയാക്കിയ സിവിൽ സർവ്വീസ് തൽപ്പരരായ വിദ്യാർഥികൾ ഇതോടൊപ്പമുള്ള ഇ-മെയിൽ അഡ്രസിലേക്ക് അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അയക്കണം. നേരത്തെ സിവിൽ സർവ്വീസ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 9846 653 258, 6235 577 577 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ വിലാസം: civilservices.krea@gmail.com
ഡൽഹിയിലും തിരുവനന്തപുരത്തുമുള്ള സിവിൽ സർവ്വീസ് ഇക്കോ സിസ്റ്റം സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരുടെ സാന്നിധ്യവും പരിശീലനവും ഉറപ്പാക്കിയാണ് അക്കാദമി ആരംഭിക്കുന്നത്. സംഗീത് കെ ആണ് പ്രൊജക്ട് ഡയറക്ടർ. വളരെ പാവപ്പെട്ട കുടുംബങ്ങളിലെ പ്രതിഭാധനരായ കുട്ടികളെയാണ് അക്കാദമി പ്രധാനമായും ലക്ഷ്യം വെക്കുന്നത് എന്നും എം.എൽ.എ പറഞ്ഞു. ഐ.എസ്.എസ് ചെയർമാൻ ഡോ. ഉണ്ണീൻ, ഫൈസൽ ആന്റ് ശബാനാ ഫൗണ്ടേഷൻ ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Faisal Shabana Foundation and Open supports 'Kriya'; Kerala's first free civil services academy in Perinthalmanna