'അവന് മരത്തിൽ കയറാനറിയില്ല, തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്'; റീ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ആദിവാസി യുവാവിന്‍റെ കുടുംബം
ശരീരത്തിൽ മർദനമേറ്റ പാടില്ലെന്ന റിപ്പോർട്ട് തെറ്റെന്ന് മുറിവുകളുടെ ചിത്രം നിരത്തി സഹോദരന്മാർ. ആൾക്കൂട്ട വിചാരണയിൽ കേസെടുക്കണമെന്നും കുടുംബം
വയനാട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളി കുടുംബം. മരിച്ച വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളില്ല എന്നത് കള്ളമാണെന്നും ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടെന്ന് മൃതദേഹത്തിന്റെ ഫോട്ടോകൾ നിരത്തി സഹോദരങ്ങൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർക്കെതിരെയും കുടുംബമെത്തി. ഡോക്ടറെ സസ്‌പെൻഡ് ചെയ്യണം. ഇത്രയും പരിക്കുകൾ ഉണ്ടായിട്ട് പിന്നെ പരിക്കുകളില്ലെന്ന് പറഞ്ഞ അയാളെ ആദ്യം പിടിക്കണമെന്നും നടന്നത് ആൾക്കൂട്ട മർദനമാണെന്നും വിശ്വനാഥന്റെ കുടുംബം ആരോപിച്ചു.
'എന്റെ അനിയൻ മദ്യം കഴിച്ചിട്ടില്ല. അവന് മരത്തിന്മേൽ കേറാൻ അറിയില്ല.പിന്നെയങ്ങനെയാണ് അത്രയും പൊക്കമുള്ള മരത്തിൽ വലിഞ്ഞുകയറി ആത്മഹത്യ ചെയ്യുക...' സഹോദരങ്ങൾ ചോദിച്ചു.
''അവന്റെ നെഞ്ച് പൊട്ടി രക്തം വന്നിട്ടുണ്ട്. പല്ലുകൾ ഇടിച്ചു പൊട്ടിച്ചിട്ടുണ്ട്.. പുറത്തും മുറിവുകളുണ്ട്...ഇത് പൊലീസോ അല്ലെങ്കിൽ അവിടെയുണ്ടായിരുന്ന ആൾക്കൂട്ടമോ ചെയ്തതാണെന്ന് ഉറപ്പാണ്..'' വിശ്വനാഥന്റെ സഹോദരങ്ങൾ മീഡിയവണിനോട് പറഞ്ഞു.മൃതദേഹത്തിന്റെ ഫോട്ടയിൽ വരെ മർദനത്തിന്റെ മുറിവുകൾ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും രണ്ടാമത് പോസ്റ്റ്‌മോർട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മകനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയെന്ന് അമ്മയും സ്വയം ജീവനൊടുക്കില്ലെന്ന് സഹോദരങ്ങളും ആവർത്തിച്ചു. 'എട്ട് വർഷത്തിന് ശേഷമാണ് ഒരു കുഞ്ഞുണ്ടായിരിക്കുന്നത്. ചെറിയ എന്തെങ്കിലും കാരണമായിരുന്നെങ്കിൽ പോലും അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. വലിയ സന്തോഷത്തിലായിരുന്നു അവനും ഭാര്യയും. ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് മെഡിക്കൽ കോളേജിൽ എത്തിയത്'. ആ കുഞ്ഞിനെ കണ്ടതിന് ശേഷം സന്തോഷത്തിലായിരുന്നു. അതിനിടയിൽ പോയി തൂങ്ങിമരിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്നും കുടുംബം പറയുന്നു.ആൾക്കൂട്ട വിചാരണയിൽ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഞായറാഴ്ചയാണ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പണവും മൊബൈലും മോഷ്ടിച്ചെന്നാരോപിച്ച് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നെന്നും കുടുംബം പറയുന്നു.