ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: എം.സി ഖമറുദ്ദീൻ അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി
കേസിലെ പിഴത്തുക ഈടാക്കുന്നതിനാണ് സ്വത്ത് കണ്ടുകെട്ടുന്നത്.
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഡയറക്ടമാരുടെ സ്വത്ത് കണ്ടുകെട്ടാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. മുൻ എം.എൽ.എ എം.സി ഖമറുദ്ദീൻ അടക്കം 30 ഡയറക്ടർമാരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ജില്ലാ ലീഡ്‌സ് ബാങ്ക് മാനേജർക്ക് കത്ത് കൊടുത്തു. കേസിലെ പിഴത്തുക ഈടാക്കുന്നതിനാണ് സ്വത്ത് കണ്ടുകെട്ടുന്നത്.
ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, ഖമർ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, പയ്യന്നൂരിലെ ഫാഷൻ ഓർണമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, തലശ്ശേരിയിലെ നുജൂം ഗോൾഡ് പ്രൈവറ്റ് ലിമറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ഡയറക്ടർമാരായ എം.സി ഖമറുദ്ദീൻ, ചന്തേരിയിലെ ടി.കെ പൂക്കോയ തങ്ങൾ, മകൻ ഹിഷാം, സൈനുൽ ആബിദീൻ എന്നിവരുൾപ്പെടുന്ന 30 ഡയറക്ടർമാരുടെയും വ്യക്തിപരവും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതുമായ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കലക്ടർ ജില്ലാ ലീഡ് ബാങ്ക് മാനേജർക്ക് കത്ത് നൽകിയിരിക്കുന്നത്. തുടർനടപടികൾ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.