'പെൺകുട്ടിയെ പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടത് കാടത്തം': പിങ്ക് പൊലീസിന്‍റെ പരസ്യവിചാരണയില്‍ രൂക്ഷവിമര്‍ശനവുമായി കോടതി
അതേസമയം പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കി. തനിക്കും മൂന്ന് കുട്ടികൾ ഉണ്ടെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഉദ്യോഗസ്ഥ കോടതിയെ അറിയിച്ചു
മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിച്ച് ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം തേടിയും നടപടി ആവശ്യപ്പെട്ടും ഇരയായ പെൺകുട്ടി ഹൈകോടതിയിൽ സമര്‍പ്പിച്ച ഹരജിയില്‍ ആണ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
അതേസമയം പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കി. തനിക്കും മൂന്ന് കുട്ടികൾ ഉണ്ടെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഉദ്യോഗസ്ഥ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷയില്‍ എന്ത് മറുപടി നൽകണം എന്ന് അറിയിക്കാൻ കോടതി കുട്ടിക്ക് സമയം നൽകി
പൊലീസ് വാഹനത്തിൽനിന്ന് മൊബൈൽ ഫോൺ എടുത്തതായി ആരോപിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിത തന്നെ കള്ളിയെന്ന് വിളിക്കുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായില്ലെന്നും ഇരയായ പെണ്‍കുട്ടി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തില്ല, SC / ST ആക്ട് പ്രകാരവും കേസ് എടുത്തില്ല. എന്തുകൊണ്ടാണ് ഡി.ജി.പി കേസെടുക്കണ്ടെന്ന് പറഞ്ഞത്. യൂണിഫോമിട്ടാല്‍ എന്തുമാകാമെന്ന് അവസ്ഥയാണ്,കാക്കി കാക്കിയെ സഹായിക്കുന്ന അവസ്ഥയാണ്, ഈ കേസിൽ മാത്രമല്ല പല കേസുകളിലും ഇത് തന്നെയാണ് കാണുന്നത്.. ജനങ്ങൾകൂടിയതുകൗണ്ടാണ് പെൺകുട്ടി കരഞ്ഞത് എന്ന വാദം ശരിയല്ല, പൊലീസുദ്യോഗസ്ഥയുടെ മോശം പെരുമാറ്റം കൊണ്ടുകൂടിയാണ് കുട്ടി കരഞ്ഞത്. പെണ്‍കുട്ടിക്ക് എല്ലാ സംരക്ഷണവും നല്‍കണം... പെൺകുട്ടിയെ പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥ ആവശ്യപ്പെട്ട നടപടിയെ കാടത്തമെന്നേ പറയാനാകൂ. സർക്കാർ സമര്‍പ്പിച്ച റിപ്പോർട്ടിലും പിശകുണ്ട്. കോടതി വിമർശിച്ചു .
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടി എടുത്തെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ തുടരുന്നുണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.