ആശാ പ്രവർത്തകരുടെ സമരം: പിന്തുണയർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ്
‘സമരം ചെയ്യുന്ന സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് സർക്കാരിന് മുന്നോട്ടുപോകാനാകില്ല’


തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ്. ഫ്രറ്റേണിറ്റി പ്രവർത്തകർ സമരപ്പന്തലിൽ എത്തി നിരാഹാരം ഇരിക്കുന്ന ആശാപ്രവർത്തകരെ പൊന്നാടയണിയിച്ചു.
സമരം ചെയ്യുന്ന സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് സർക്കാരിന് മുന്നോട്ടുപോകാനാകില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ പറഞ്ഞു. സമരക്കാർക്ക് നേരെ എ. വിജയരാഘവനെ പോലുള്ള സിപിഎം നേതാക്കൾ നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾ അവസാനിപ്പിക്കണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 42 ദിവസം തികഞ്ഞു.
സമര സമിതി നേതാവ് എം.എ ബിന്ദു, ആശാ പ്രവർത്തകരായ തങ്കമണി, ശോഭ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. നാളെ സമര വേദിയിൽ കൂട്ട ഉപവാസം നടത്തുമെന്നും സമര സമിതി അംഗങ്ങൾ അറിയിച്ചു. എത്തിച്ചേരാൻ കഴിയാത്തവർ പ്രാദേശിക തലത്തിൽ പ്രത്യേക കേന്ദ്രങ്ങളിലോ ജോലിചെയ്യുന്ന സെന്ററുകളിലോ ഉപവാസ സമരം നടത്തും. നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ വിവിധ സംഘടനകളും നാളെ സമരവേദിയിൽ എത്തും.